അസാധ്യമായ ആംഗിളിൽ നിന്നും അവിശ്വസനീയമായ ഗോൾ, ഇന്ത്യക്കായി ചരിത്രനേട്ടവുമായി രാഹുൽ കെപി | Rahul KP

ഏഷ്യൻ ഗെയിംസിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് നിരാശയായിരുന്നു ഫലം. ചൈനയുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യപകുതിയിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു എങ്കിലും രണ്ടാം പകുതിയിൽ ചൈന ആധിപത്യം പുലർത്തി ഇന്ത്യയെ തകർക്കുകയായിരുന്നു. എങ്കിലും മത്സരത്തിൽ ഗോൾ നേടിയതിലൂടെ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി ചരിത്രനേട്ടം സ്വന്തമാക്കി.

പതിമൂന്നു വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഒരു ഗോൾ നേടുന്നത്. ആ ഗോളിന്റെ ക്രെഡിറ്റ് ഒരു മലയാളി താരത്തിന് സ്വന്തമായത് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഇതിനു മുൻപ് 2010ലെ ഏഷ്യാഡിലാണ് ഇന്ത്യ അവസാനമായി ഗോൾ നേടുന്നത്. സിംഗപ്പൂരിനെതിരെ നടന്ന മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുട്ടിൽ മനീഷ് മൈതാനിയാണ് ഇന്ത്യൻ ടീമിനായി ഏഷ്യൻ ഗെയിംസിൽ ഗോൾ കുറിക്കുന്നത്.

രാഹുൽ കെപിയുടെ ഗോൾ അതിമനോഹരമായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പാസ് പിടിച്ചെടുത്ത് വലതു വിങ്ങിലൂടെ കുതിച്ച രാഹുൽ കെപിയുടെ വേഗതയോട് പിടിച്ചു നിൽക്കാൻ ചൈനീസ് പ്രതിരോധതാരത്തിനായില്ല. പന്തുമായി ബോക്‌സിനരികിൽ എത്തിയ താരം പാസ് നൽകാൻ വേണ്ടി ഓപ്‌ഷൻസ് നോക്കിയെങ്കിലും ആരുമില്ലാതിരുന്നതിനാൽ നേരിട്ട് ഷോട്ട് എടുക്കുകയായിരുന്നു. രാഹുലിന്റെ തകർപ്പൻ ഷോട്ട് ഗോൾകീപ്പറുടെയും പോസ്റ്റിന്റെയും ഇടയിലൂടെ വലയിലെത്തുകയും ചെയ്‌തു.

മത്സരത്തിന്റെ തുടക്കത്തിൽ ടിയാനി ഗാവോ നേടിയ ഗോളിൽ ചൈന മുന്നിലെത്തിയിരുന്നു. അതിനു ശേഷം ഒരു പെനാൽറ്റി അവർക്ക് ലഭിച്ചെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ രക്ഷകനായി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ രാഹുൽ ഗോൾ നേടിയതോടെ രണ്ടാം പകുതിയിൽ തിരിച്ചു വരാമെന്ന പ്രതീക്ഷ ഇന്ത്യക്ക് ഉണ്ടായിരുന്നെങ്കിലും ഷെങ്‌ലോങ് ജിയാങ്, ഹാവോ ഫാങ് എന്നിവരുടെ ഗോളുകളും ഖിയാങ്‌ലോങ് ടാവോയുടെ ഇരട്ടഗോളുകളും ചൈനക്ക് വിജയം സ്വന്തമാക്കി നൽകി.

അണ്ടർ 23 താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയെങ്കിലും അതിനേക്കാൾ കൂടുതൽ പ്രായമുള്ള നിശ്ചിത എണ്ണം കളിക്കാരെയും ടീമിന്റെ ഭാഗമാക്കാം. ചൈനയോട് തോൽവി വഴങ്ങിയതോടെ ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ഇനിയുള്ള മത്സരങ്ങളിൽ ബംഗ്ലാദേശ്, മ്യാൻമർ എന്നിവരെയാണ് ഇന്ത്യ നേരിടേണ്ടത്. ഇതിൽ രണ്ടിലും വിജയം നേടിയാലേ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷ ഇന്ത്യക്ക് നിലനിർത്താൻ കഴിയൂ.

Rahul KP Goal Against China In Asian Games