എട്ടാമത്തെ ബാലൺ ഡി ഓർ ഉറപ്പ്, വലിയ സിഗ്നൽ നൽകി ലയണൽ മെസി | Messi

ഖത്തർ ലോകകപ്പ് കഴിഞ്ഞപ്പോൾ തന്നെ ഉയർന്നു വന്ന ചർച്ചകളിൽ ഒന്നാണ് 2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസി നേടുമെന്ന്. ലോകകപ്പിൽ ആദ്യമത്സരത്തിൽ തന്നെ തോൽവി വഴങ്ങിയ അർജന്റീന ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ച് കിരീടനേട്ടത്തിലേക്ക് എത്തിച്ചതിൽ മെസി വഹിച്ച പങ്ക് ചെറുതല്ല. ഏഴു ഗോളും മൂന്ന് അസിസ്റ്റുമായി ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി നേടിയാണ് ലയണൽ മെസി ലോകകപ്പിലേക്ക് അർജന്റീന ടീമിനെ നയിച്ചത്.

ലോകകപ്പിന് ശേഷം ഉയർന്ന ചർച്ചകളിൽ ലയണൽ മെസി തന്നെ ബാലൺ ഡി ഓർ നേടുമെന്ന കാര്യത്തിൽ ഭൂരിഭാഗം പേർക്കും ഉറപ്പായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ നേട്ടം ആ ഉറപ്പിന് ഇളക്കം തട്ടിച്ചിട്ടുണ്ട്. റെക്കോർഡ് ഗോൾവേട്ട കഴിഞ്ഞ സീസണിൽ നടത്തിയ എർലിങ് ഹാലാൻഡ് പുരസ്‌കാരത്തിന് സാധ്യതയുള്ള താരങ്ങളിൽ മുന്നിലേക്ക് വന്നു. ഇപ്പോൾ ലയണൽ മെസിയോ ഹാലാൻഡോ പുരസ്‌കാരം നേടുമെന്നാണ് ഏവരും പറയുന്നത്.

എന്നാൽ എട്ടാമത് ബാലൺ ഡി ഓർ തനിക്ക് തന്നെയാണെന്നതിന് ലയണൽ മെസി വ്യക്തമായൊരു സൂചന നൽകിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ലയണൽ മെസി പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ആരാധകർ പുതിയൊരു വാദവുമായി രംഗത്തു വന്നിരിക്കുന്നത്. ചിത്രങ്ങളിൽ ലയണൽ മെസി താടി പൂർണമായും ഷേവ് ചെയ്‌തിട്ടുണ്ട്‌. ഇതാണ് ബാലൺ ഡി ഓർ ഉറപ്പിക്കാനുള്ള കാരണമായി ആരാധകർ പറയുന്നത്.

ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത് അടുത്ത മാസമാണെങ്കിലും അത് സംബന്ധമായ ഫോട്ടോഷൂട്ട് അതിനു മുൻപേ നടക്കും. ഈ ആഴ്‌ചകളിലാണ് ബാലൺ ഡി ഓർ ഷൂട്ടൗട്ട് നടക്കേണ്ടത്. മെസി ഷേവ് ചെയ്‌തത്‌ ഫോട്ടോഷൂട്ടിനു വേണ്ടിയാണെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ഇതിനു മുൻപും ഇതുപോലെ മെസി ചെയ്‌തിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ എട്ടാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കി താരം ചരിത്രം കുറിക്കുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ലയണൽ മെസിക്കൊപ്പം ഹാലൻഡും ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ള താരമായി നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും പറയുന്നത് ലയണൽ മെസിയുടെ പേരു തന്നെയാണ്. ഖത്തർ ലോകകപ്പ് ബാലൺ ഡി ഓർ നിർണയിക്കുന്നതിൽ വളരെ പ്രധാനമാണെന്നും അതുകൊണ്ടു തന്നെ മെസി പുരസ്‌കാരം നേടുമെന്നതിൽ സംശയമില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഇത്തവണ നേടിയാൽ എട്ടാമത്തെ ബാലൺ ഡി ഓറാണ് മെസിയെ കാത്തിരിക്കുന്നത്. ഇതുപോലൊരു നേട്ടം മറ്റൊരു താരം സ്വന്തമാക്കുമോയെന്നു സംശയമാണ്.

Fans Says Messi Hints Ballon Dor Triumph