മറ്റൊരു കിരീടത്തിനായി മെസിയും റൊണാൾഡോയും നേർക്കുനേർ വരാൻ സാധ്യത, ആരാധകർ കാത്തിരുന്ന വാർത്തയെത്തി | Messi

ഫുട്ബോൾ ലോകം ഒരുപാട് കാലം അടക്കിഭരിച്ചിരുന്ന താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. നിരവധി കിരീടങ്ങളും വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കിയ ഇരുവരും നേർക്കുനേർ വരുന്ന മത്സരങ്ങളെല്ലാം ആരാധകർക്ക് വളരെയധികം ആവേശം നൽകിയിരുന്നു. ഫുട്ബോൾ ആരാധകരെ രണ്ടു ചേരിയാക്കി മാറ്റിയ ഇരുവരിൽ ആരാണ് മികച്ചതെന്ന തർക്കവും ഒരുപാട് കാലം ഉണ്ടായിരുന്നു. മെസി ലോകകപ്പ് നേടിയതോടെയാണ് ആ തർക്കത്തിനൊരു ശമനമായത്‌.

ഖത്തർ ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്കും ഇക്കഴിഞ്ഞ സമ്മറിൽ ലയണൽ മെസി അമേരിക്കയിലേക്കും ചേക്കേറിയതോടെ ഈ രണ്ടു താരങ്ങളുടെയും യൂറോപ്യൻ കരിയറിനു കൂടിയാണ് അവസാനമായത്. അതോടെ ഈ രണ്ടു താരങ്ങളും തമ്മിൽ പരസ്‌പരം മൈതാനത്ത് ഏറ്റുമുട്ടാനുള്ള സാധ്യത ഇല്ലാതായത് ആരാധകർക്ക് നിരാശയുണ്ടാക്കിയ കാര്യമായിരുന്നു. എന്നാൽ ഈ രണ്ടു താരങ്ങളും തമ്മിൽ വീണ്ടും നേർക്കുനേർ വരാനുള്ള സാധ്യതയിപ്പോൾ തെളിയുന്നുണ്ട്.

യൂറോപ്പിലെയും സൗത്ത് അമേരിക്കയിലെയും ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ കൂടുതൽ നടത്താനുള്ള ശ്രമങ്ങൾ രണ്ടു ഫെഡറേഷനുകളും നടത്തുന്നുണ്ട്. യൂറോ കപ്പ്, കോപ്പ അമേരിക്ക വിജയികൾ തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അതിന്റെ ഭാഗമായിരുന്നു. അതിനു പുറമെ യൂറോപ്പിലെ ടീമുകളുമായി സൗത്ത് അമേരിക്കയിലെ ടീമുകൾ ഏറ്റുമുട്ടുന്ന സൗഹൃദമത്സരങ്ങൾ ഒരു കപ്പ് ഫോർമാറ്റിൽ നടത്താനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. അടുത്ത വർഷം മാർച്ചിൽ മത്സരങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്.

ബ്രസീൽ, അർജന്റീന തുടങ്ങിയ ടീമുകൾ പങ്കെടുക്കുമെന്നുറപ്പുള്ള ഈ പോരാട്ടങ്ങളിൽ അർജന്റീനയുടെ എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകൾ പോർച്ചുഗൽ, ജർമനി, ഹോളണ്ട്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവരാണ്. ഇന്റർകോൺഫെഡറേഷൻസ് കപ്പ് എന്നു പേരിട്ടു വിളിക്കുന്ന ഈ മത്സരങ്ങൾ തീരുമാനിച്ച് അതിൽ അർജന്റീനയുടെ എതിരാളികളായി പോർച്ചുഗൽ വന്നാൽ വീണ്ടുമൊരിക്കൽ കൂടി മെസിയും റൊണാൾഡോയും നേർക്കുനേർ പോരാടുന്നതിനാണ് സാക്ഷ്യം വഹിക്കുക.

ആരാധകരെ സംബന്ധിച്ച് മെസി-റൊണാൾഡോ പോരാട്ടം നടന്നാൽ അത് ആവേശകരമായ ഒരു അനുഭവം തന്നെയായിരിക്കും. ഖത്തർ ലോകകപ്പ് നേടിയതിനു ശേഷം ഫുട്ബാൾ ലോകത്ത് ആർക്കും തൊടാനാകാത്ത ഉയരത്തിൽ എത്തിയിരിക്കുകയാണ് ലയണൽ മെസി. ആ മെസിയുടെ അർജന്റീനയെ തോൽപ്പിച്ച് തന്റെ മേധാവിത്വവും മികവും വീണ്ടുമൊരിക്കൽ കൂടി തെളിയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ മത്സരം ഒരു അവസരമാകും.

Messi Ronaldo May Face Each Other In March