ബാഴ്‌സയിലെത്തിയതോടെ ഫെലിക്‌സ് വേറെ ലെവൽ, തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ചു ഗോൾ നേടി കാറ്റലൻസ് | Joao Felix

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ബാഴ്‌സലോണ ഉദ്ദേശിച്ചിട്ടില്ലാത്ത താരമായിരുന്നു ജോവോ ഫെലിക്‌സ്. എന്നാൽ ഒസ്മാനെ ഡെംബലെ ക്ലബ്ബിനെ തിരിഞ്ഞു കടിച്ച് ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിലേക്ക് ചേക്കേറിയപ്പോൾ പുതിയൊരു മുന്നേറ്റനിര താരത്തെ സ്വന്തമാക്കേണ്ട സാഹചര്യം വന്നു ചേർന്നു. ആ സമയത്താണ് ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം ഫെലിക്‌സ് വെളിപ്പെടുത്തുന്നത്. ഇതോടെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനദിവസം ഫെലിക്‌സിനെ ക്ളബിലെത്തിക്കുകയായിരുന്നു.

ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ഫെലിക്‌സ് കഴിഞ്ഞ സീസണിൽ ലോൺ കരാറിൽ ചെൽസിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. എന്നാൽ ബെൻഫിക്കയിലേതു പോലെ തിളങ്ങാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ലായിരുന്നു. അതിനാൽ തന്നെ താരത്തെ സ്വന്തമാക്കുമ്പോൾ ബാഴ്‌സലോണ ആരാധകർക്ക് ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ ബാഴ്‌സലോണയിൽ താൻ ചുവടുറപ്പിക്കാൻ പോകുന്നുവെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ജോവോ ഫെലിക്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്.

ലാ ലിഗയിൽ ഒസാസുനക്കെതിരായ മത്സരത്തിൽ ബാഴ്‌സലോണ അരങ്ങേറ്റം കുറിച്ച താരം അതിനു ശേഷം റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. ആ മത്സരത്തിൽ ലെവൻഡോസ്‌കി നേടിയ ഗോളിന് ഫെലിക്‌സ് നൽകിയ സംഭാവനയും മറക്കാൻ കഴിയില്ല. അതിനു ശേഷം ഇന്നലെ ചാമ്പ്യൻസ് ലീഗിൽ കളിച്ച താരം റോയൽ ആന്റ്വേർപ്പിനെതിരെ രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തിൽ കളിയിലെ താരവും ഫെലിക്‌സ് ആയിരുന്നു.

മികച്ചൊരു സ്‌ട്രൈക്കിലൂടെ ടീമിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ട താരം അതിനു പിന്നാലെ തന്നെ ലെവൻഡോസ്‌കി നേടിയ ഗോളിന് അവസരമൊരുക്കുകയും ചെയ്‌തു. രണ്ടാം പകുതിയിലാണ് ഫെലിക്‌സിന്റെ മറ്റൊരു ഗോൾ പിറന്നത്. ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബെൽജിയൻ ക്ലബിന് യാതൊരു തരത്തിലും ചുവടുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ജോവോ ഫെലിക്‌സ് ലെവൻഡോസ്‌കി എന്നിവർക്ക് പുറമെ ഗാവി ഒരു ഗോൾ നേടിയപ്പോൾ മറ്റൊരെണ്ണം സെൽഫ് ഗോളായിരുന്നു.

മത്സരത്തിൽ അഞ്ചു ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം നേടിയത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ബാഴ്‌സലോണ അഞ്ചു ഗോൾ നേടുന്നതും ക്ലീൻഷീറ്റ് സ്വന്തമാക്കുന്നതും. ബാഴ്‌സയെ അപേക്ഷിച്ച് ബെൽജിയൻ ക്ലബ് ദുർബലരാണെങ്കിലും ടീമിന്റെ സന്തുലിതമായ പ്രകടനം പരിശീലകൻ സാവിക്ക് സന്തോഷം നൽകുന്നതാണ്. ഫെലിക്‌സ്, കാൻസലോ തുടങ്ങി ഈ സീസണിൽ ടീമിലെത്തിയ താരങ്ങൾ പെട്ടന്ന് ഇണങ്ങിച്ചേരുകയും ചെയ്‌തതിനാൽ ഈ സീസണിൽ കൂടുതൽ നേട്ടങ്ങൾ അവർക്ക് ലക്‌ഷ്യം വെക്കാനാകും.

Joao Felix Brace For Barcelona In UCL