അടുത്ത സീസണിൽ അജയ്യരാകാൻ വമ്പൻ സൈനിങ്‌ പൂർത്തിയാക്കി റയൽ മാഡ്രിഡ് | Real Madrid

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല റയൽ മാഡ്രിഡ് നടത്തുന്നത്. കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ സ്വന്തമാക്കാൻ ഇപ്പോഴും പ്രതീക്ഷയുണ്ടെങ്കിലും ലീഗിൽ ദുരന്തസമാനമായ പ്രകടനമാണ് റയൽ നടത്തുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും തോൽവി വഴങ്ങിയ റയൽ മാഡ്രിഡിൽ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീഴാനുള്ള സാധ്യത വരെയുണ്ട്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സൈനിംഗുകൾ നടത്താതിരുന്ന റയൽ മാഡ്രിഡ് അടുത്ത സമ്മറിൽ നിരവധി താരങ്ങളെ സ്വന്തമാക്കുമെന്നുറപ്പാണ്.. ഇപ്പോൾ തന്നെ റയൽ മാഡ്രിഡ് ഒരു വമ്പൻ സൈനിങ്‌ നടത്താൻ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ് ബെല്ലിങ്ഹാമിനെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ധാരണയിൽ എത്തിയിരിക്കുന്നത്.

ജൂണിൽ ഇരുപതു വയസ് തികയുന്ന ബെല്ലിങ്ങ്ഹാം നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ട് നടത്തുന്ന കുതിപ്പിലും കഴിഞ്ഞ ഖത്തർ ലോകകപ്പിലും മികച്ച പ്രകടനം താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി അടക്കം നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നതിനിടെയാണ് ബെല്ലിങ്‌ഹാമിനെ റയൽ മാഡ്രിഡ് റാഞ്ചാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌.

മുപ്പത്തിയേഴു വയസുള്ള ലൂക്ക മോഡ്രിച്ച്, മുപ്പത്തിമൂന്നു വയസുള്ള ടോണി ക്രൂസ് എന്നിവരെ ഇനിയും കൂടുതൽ ആശ്രയിക്കാൻ റയൽ മാഡ്രിഡിന് കഴിയില്ല. കസമീറോ ക്ലബ് വിടുകയും ചെയ്‌തു, ഷുവാമേനി, കാമവിങ എന്നിവരെ കഴിഞ്ഞ സീസണിന് മുന്നോടിയായി സ്വന്തമാക്കിയ റയൽ മാഡ്രിഡ് അവരുടെ മിഡ്‌ഫീൽഡ് ത്രയത്തിലേക്ക് പുതിയൊരു താരത്തെ ചേർക്കുക കൂടിയാണ് ബെല്ലിങ്‌ഹാമിന്റെ സൈനിങ്ങിലൂടെ നടത്തിയിരിക്കുന്നത്. ഈ സീസണിലെ തിരിച്ചടികളെ ഇതിലൂടെ മറികടക്കാൻ റയൽ മാഡ്രിഡിന് കഴിയുമെന്നതിൽ സംശയമില്ല.

Real Madrid Close To Sign Jude Bellingham From Borussia Dortmund