“ക്ലബ് വിട്ട് പുറത്തു പോകൂ”- മെസിയും നെയ്‌മറുമടക്കം മൂന്നു താരങ്ങളെ ലക്ഷ്യമിട്ട് പിഎസ്‌ജി ആരാധകർ | PSG

പിഎസ്‌ജിയുടെ അനുമതിയില്ലാതെ സൗദി സന്ദർശനം നടത്തിയ ലയണൽ മെസിക്കെതിരെ ക്ലബ് നടപടി എടുത്തതിനു പിന്നാലെ ഫ്രാൻസിൽ മെസിയടക്കം മൂന്നു താരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായി ഉയരുന്നു. കഴിഞ്ഞ ദിവസം ക്ലബിന്റെ തീവ്ര ആരാധക ഗ്രൂപ്പായ അൾട്രാസ് ലയണൽ മെസിക്കെതിരെ ക്ലബിന്റെ ഹെഡ് ക്വാർട്ടേഴ്‌സിലും ബ്രസീലിയൻ താരം നെയ്‌മറുടെ ഫ്രാൻസിലെ വീടിന്റെ മുന്നിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ലയണൽ മെസിക്കെതിരെ നേരത്തെ തന്നെ ഫ്രാൻസിലെ ആരാധകർ എതിരാണ്. ഖത്തർ ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത് ഫ്രഞ്ച് ആരാധകരെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെ ലയണൽ മെസിയെ ലക്ഷ്യമിട്ടുയർന്ന പ്രതിഷേധം ഇത് വ്യക്തമാക്കുന്നു. എന്നാൽ അതിനു കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് മെസി മറുപടി നൽകിയത്.

മെസി മികച്ച പ്രകടനം നടത്തുന്നതു കൊണ്ട് തന്നെ ആരാധകരുടെ പ്രതിഷേധം ഏറെക്കുറെ അവസാനിച്ചതായിരുന്നു. എന്നാൽ താരത്തിന്റെ സൗദി സന്ദർശനം സംബന്ധിച്ച വിവാദത്തോടെ അത് വീണ്ടും ഉയർന്നു. സൗദി സന്ദർശനത്തിന് ആദ്യം അനുമതി നൽകിയതിന് ശേഷം താരത്തെ കുരുക്കിലാക്കാൻ പിഎസ്‌ജി തങ്ങളുടെ പദ്ധതി പെട്ടന്ന് മാറ്റിയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും കിട്ടിയ അവസരം മുതലെടുത്ത് ലയണൽ മെസിക്കെതിരെ വീണ്ടും തിരിഞ്ഞിരിക്കയാണ് ആരാധകർ.

ലയണൽ മെസി, നെയ്‌മർ, വെറാറ്റി തുടങ്ങിയ താരങ്ങൾക്കെതിരെയാണ് ആരാധകർ പ്രതിഷേധം നടത്തുന്നത്. മെസിക്കും വെറാറ്റിക്കും എതിരെ ക്ലബ് ഹെഡ് ക്വാർട്ടേഴ്‌സിൽ പ്രതിഷേധം നടത്തിയപ്പോൾ നെയ്‌മറുടെ വീടിനു മുന്നിലെത്തിയും ആരാധകർ ക്ലബിൽ നിന്നും പുറത്തു പോകാനുള്ള ആവശ്യം ഉന്നയിച്ചു. തീർത്തും പക്ഷപാതപരമായ ഒരു സമീപനമാണ് ആരാധകർ നടത്തുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

PSG Fans Protest Against Lionel Messi, Neymar And Verratti