റയൽ മാഡ്രിഡ് വിട്ട ബ്രസീലിയൻ താരം മാഴ്സലോ പുതിയ ക്ലബിലെത്തി
കഴിഞ്ഞ സീസൺ അവസാനിച്ചതോടെയാണ് ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ മാഴ്സലോ റയൽ മാഡ്രിഡ് വിടുന്നത്. 2007 മുതൽ റയൽ മാഡ്രിഡിൽ കളിക്കുന്ന, ടീമിന്റെ നായകൻ വരെയായിരുന്ന മാഴ്സലോ ക്ലബിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരത്തിന്റെ കരാർ പുതുക്കേണ്ടെന്ന തീരുമാനമാണ് റയൽ മാഡ്രിഡ് എടുത്തത്. അതിനു ശേഷം മാഴ്സലോയെ നിരവധി ക്ലബുകളുമായി ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതു വരെയും പുതിയൊരു ക്ലബ്ബിനെ കണ്ടെത്താൻ ബ്രസീലിയൻ ലെഫ്റ്റ് ബാക്കിനു കഴിഞ്ഞിരുന്നില്ല.
റയൽ മാഡ്രിഡ് വിട്ട മാഴ്സലോ ഫ്രീ ഏജന്റായതിനാൽ ട്രാൻസ്ഫർ ജാലകം അടച്ചാലും ക്ലബുകളുമായി കരാർ ഒപ്പുവെക്കാമെന്നിരിക്കെ കഴിഞ്ഞ ദിവസം പുതിയ ക്ലബ്ബിലേക്ക് താരം ചേക്കേറുകയുണ്ടായി. ഗ്രീക്ക് ക്ലബായ ഒളിമ്പിയാക്കോസിലേക്കാണ് മാഴ്സലോ ചേക്കേറിയിരിക്കുന്നത്. ഒരു വർഷത്തെ കരാറാണ് ബ്രസീലിയൻ താരം ഇപ്പോൾ ക്ലബുമായി ഒപ്പു വെച്ചിരിക്കുന്നതെങ്കിലും അതൊരു വർഷത്തേക്കു കൂടി നീട്ടണമെന്ന ഉടമ്പടി കരാറിലുണ്ട്. ട്രാൻസ്ഫർ ഗ്രീക്ക് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മാഴ്സലോയുമായി ബന്ധപ്പെട്ട നിരവധിയായ അഭ്യൂഹങ്ങൾക്കും അവസാനമായി.
ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായ മാഴ്സലോ റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം കൂടിയാണ്. റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതിനു ശേഷമാണ് മാഴ്സലോ ക്ലബിൽ നിന്നും പടിയിറങ്ങുന്നത്. അഞ്ചു ചാമ്പ്യൻസ് ലീഗും, ആറ് സ്പാനിഷ് ലീഗും, മൂന്നു കോപ്പ ഡെൽ റേയും മാഴ്സലോ നേടിയ കിരീടങ്ങളിൽ ഉൾപ്പെടുന്നു. റയൽ മാഡ്രിഡിന്റെ തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് നേട്ടങ്ങളിലും താരം നിർണായകമായ സംഭാവന നൽകി.
Real Madrid icon Marcelo will join Greek side Olympiacos on a one-year contract with an option for another, per @FabrizioRomano 🔴⚪ pic.twitter.com/UIYF9Gc3xm
— B/R Football (@brfootball) September 2, 2022
മുപ്പത്തിനാല് വയസുള്ള മാഴ്സലോയുടെ ഫോമിന് വളരെയധികം ഇടിവുണ്ടായിട്ടുണ്ട് എങ്കിലും താരത്തിന്റെ പരിചയസമ്പത്ത് ഗ്രീക്ക് ക്ലബിന് ഉപയോഗപ്പെടുത്താം. അതേസമയം ഒളിമ്പിയാക്കോസിൽ എത്തിയതോടെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ മാഴ്സലോ ഉണ്ടാകില്ല. യൂറോപ്പ ലീഗിലായിരിക്കും താരം കളിക്കാൻ ഇറങ്ങുക. മികച്ച പ്രകടനം നടത്തിയാൽ ബ്രസീലിന്റെ ലോകകപ്പ് ടീമിലേക്ക് വിളി വരുമെന്ന പ്രതീക്ഷയും മാഴ്സലോക്കുണ്ട്.