പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ വിജയക്കുതിപ്പിനു തടയിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നു

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൈക്കൽ അർടെട്ടയുടെ കീഴിൽ മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സണൽ മാത്രമാണ് അതിലെല്ലാം വിജയം നേടിയിരിക്കുന്നത്. ഇത്തവണ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന വ്യക്തമായ സന്ദേശം നൽകി ചാമ്പ്യൻ മനോഭാവത്തോടെയാണ് ആഴ്‌സണൽ ഓരോ മത്സരവും പൂർത്തിയാക്കിയത്. എന്നാൽ നാളെ രാത്രി നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിൽ ഈ വിജയക്കുതിപ്പ് അവസാനിക്കുമോയെന്നാണ് ഓരോ ഫുട്ബോൾ ആരാധകനും ഉറ്റു നോക്കുന്നത്.

നാളെ രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ ആഴ്‌സണൽ ഇറങ്ങുന്നത്. സീസണിലെ എല്ലാ മത്സരങ്ങളും ആഴ്‌സണൽ വിജയിച്ചപ്പോൾ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിലും വിജയം നേടി. അതുകൊണ്ടു തന്നെ ഏതെങ്കിലും ടീമിന് നാളത്തെ മത്സരത്തിൽ മുൻ‌തൂക്കം ഉണ്ടെന്നു പറയാൻ കഴിയില്ലെങ്കിലും രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടം വളരെയധികം ആവേശകരമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

പ്രീമിയർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വളരെ ദയനീയമായ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. അതിന്റെ തിരിച്ചടികളെ മറികടക്കാൻ റയൽ മാഡ്രിഡ് താരം കസമീറോ, അയാക്‌സിന്റെ ബ്രസീലിയൻ താരം ആന്റണി എന്നിവരെ ക്ലബ് സ്വന്തമാക്കുകയും ചെയ്‌തു. കസമീറോ ട്രാൻസ്‌ഫർ പ്രഖ്യാപിച്ചതിനു ശേഷമുള്ള എല്ലാ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയിട്ടുണ്ട്. അതിനു ശേഷം ടീമിലെത്തിയ ആന്റണി ആഴ്‌സണലിനെതിരെ അരങ്ങേറ്റം കുറിക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു.

അതേസമയം സീസൺ ആരംഭിച്ചതു മുതൽ തകർപ്പൻ ഫോമിലാണ് ആഴ്‌സണൽ കളിക്കുന്നത്. ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഒഡേഗാർഡ്, ബുകായോ സാക്ക, റാംസ്‌ഡെൽ, സാലിബ തുടങ്ങിയ താരങ്ങളെല്ലാം മികച്ച ഒത്തിണക്കത്തോടെയാണ് ഓരോ മത്സരങ്ങളിലും കളിക്കുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്നും പതിമൂന്നു ഗോളുകൾ ആഴ്‌സണൽ നേടിയപ്പോൾ നാല് ഗോളുകളാണ് അവർ വഴങ്ങിയിരിക്കുന്നത്. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ഗണ്ണേഴ്‌സ്‌ തന്നെയാണ്.

അതേസമയം സീസണിന്റെ തുടക്കത്തിലെ രണ്ടു മത്സരങ്ങളിൽ ഏറ്റ പരാജയത്തിൽ നിന്നും മികച്ച രീതിയിൽ പുറത്തു വന്ന് ആത്മവിശ്വാസത്തോടെ തുടർച്ചയായ മൂന്നു വിജയങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരു തരത്തിലും എഴുതിത്തള്ളാൻ സാധ്യമല്ല. തന്റെ പദ്ധതികൾ കൃത്യമായി മൈതാനത്ത് നടപ്പിലാക്കാൻ കഴിയുന്ന പരിശീലകനായ എറിക് ടെൻ ഹാഗ് കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് ഈ വിജയങ്ങൾ നേടിയത്. അതുകൊണ്ടു തന്നെ ആഴ്‌സനലിനെ കീഴടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്ന ഉറച്ച പ്രതീക്ഷ ആരാധകർക്കുണ്ട്.