എംബാപ്പയെ വേണ്ട, ഹാലൻഡിനെ സ്വന്തമാക്കി മുന്നേറ്റനിരയിൽ പുതിയ ത്രയത്തെ സൃഷ്ടിക്കാൻ റയൽ മാഡ്രിഡ്
കഴിഞ്ഞ ജൂണിൽ പിഎസ്ജി കരാർ അവസാനിച്ച കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും താരം കരാർ പുതുക്കി ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരുകയാണ് ചെയ്തത്. റയൽ മാഡ്രിഡിലേക്ക് ചേക്കേറണമെന്ന് നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ള താരം അതിനുള്ള സുവർണാവസരം ലഭിച്ചിട്ടും അതിനു തയ്യാറാവാതിരുന്നതോടെ താരത്തിനെതിരെ ലോസ് ബ്ലാങ്കോസിന്റെ ആരാധകർ തിരിയുകയും ചെയ്തു. സോഷ്യൽ മീഡിയയിലെല്ലാം ഇതിന്റെ പ്രതിഫലനം വളരെ വ്യക്തമാണ്.
എംബാപ്പെയെ ടീമിലെത്തിക്കുന്ന കാര്യത്തിൽ റയൽ മാഡ്രിഡിനും ഇനി താല്പര്യമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. സ്പാനിഷ് മാധ്യമമായ ഡിയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പക്കു പകരം മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കറായ എർലിങ് ബ്രൂട്ട് ഹാലൻഡിനെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് ഇപ്പോൾ ലക്ഷ്യമിടുന്നത്. കരിം ബെൻസിമക്ക് പകരക്കാരനായി അടുത്ത സമ്മറിലോ അതിനടുത്ത വർഷമോ ഹാലൻഡിനെ ടീമിന്റെ ഭാഗമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഹാലൻഡ് റയൽ മാഡ്രിഡിലെത്താൻ സാധ്യത ഉണ്ടായിരുന്നെങ്കിലും മികച്ച ഫോമിലുള്ള ബെൻസിമയിൽ വിശ്വാസമർപ്പിക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. ബെൻസിമയുടെ കരാർ അടുത്ത സമ്മറിൽ അവസാനിക്കാനിരിക്കെ ഇനി ക്ലബിൽ കുറച്ചു കാലമേ ഫ്രഞ്ച് താരം ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. അപ്പോഴേക്കും ഹാലാൻഡിന്റെ കരാറിലുള്ള റിലീസിംഗ് ക്ലോസ് നിലവിൽ വരുമെന്നിരിക്കെ അതു നൽകി താരത്തെ ടീമിലെത്തിക്കാനാണ് റയൽ മാഡ്രിഡ് നീക്കങ്ങൾ നടത്തുന്നത്.
🚨 Kylian Mbappé has been totally discarded by Real Madrid. Erling Haaland is their main transfer target after Karim Benzema.
— Transfer News Live (@DeadlineDayLive) October 18, 2022
(Source: @diarioas) pic.twitter.com/l7aE3mwwDE
ഈ സീസണിലിതു വരെ പ്രീമിയർ ലീഗിൽ പതിനഞ്ചു ഗോളുകൾ നേടിയ എർലിങ് ഹാലാൻഡ് യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയാൽ വിനീഷ്യസ് ജൂനിയർ റോഡ്രിഗോ എന്നീ രണ്ടു മികച്ച യുവതാരങ്ങളുടെയൊപ്പം സെൻട്രൽ സ്ട്രൈക്കാറായി കളിപ്പിക്കാനാവും. ഈ മൂന്നു താരങ്ങളും പ്രായം കുറഞ്ഞവരാണെന്നിരിക്കെ ദീർഘകാലത്തേക്ക് യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരയാകും റയൽ മാഡ്രിഡിന്റേത്. വിങ്ങിൽ കളിക്കുന്ന എംബാപ്പയെ സ്വന്തമാക്കിയാൽ വിനീഷ്യസിന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന പ്രതിസന്ധിയും അതോടെ ഇല്ലാതാകും.