ലോകകപ്പ് അടുത്തിരിക്കെ മാതൃകാപരമായ തീരുമാനവുമായി റയൽ മാഡ്രിഡ്, ഇതുകൊണ്ടാണവർ ലോകത്തിലെ ഏറ്റവും മികച്ച ക്ലബാകുന്നത്
സമീപകാലത്ത് ആഭ്യന്തരലീഗിലും യൂറോപ്പിലും ഏറ്റവും മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയ ക്ലബുകളിലൊന്നാണ് റയൽ മാഡ്രിഡ്. ഫ്ലോറന്റീനോ പെരസ് എന്ന ഫുട്ബോൾ ലോകം തന്നെ കണ്ട ഏറ്റവും മികച്ച ക്ലബ് പ്രസിഡന്റുമാരിൽ ഒരാളുടെ കഴിവുകളാണ് ഈ നേട്ടങ്ങൾ റയൽ മാഡ്രിഡിന് സമ്മാനിച്ചത്. ഒരു സീസണിൽ അൽപ്പം നിറം മങ്ങിയാലും അടുത്ത സീസണിൽ അതിനെ അതിനേക്കാൾ ശക്തിയിൽ മറികടന്നു നേട്ടങ്ങൾ സ്വന്തമാക്കുന്ന റയൽ മാഡ്രിഡ് കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുകയുണ്ടായി.
ഇപ്പോൾ മറ്റെല്ലാ ക്ലബുകൾക്കും മാതൃകാപരമായ ഒരു തീരുമാനമെടുത്ത് ഫുട്ബോൾ ലോകത്തിന്റെ കയ്യടി നേടുകയാണ് റയൽ മാഡ്രിഡ്. ഇത്തവണ ഫുട്ബോൾ ലോകകപ്പ് സീസണിന്റെ ഇടയിലാണ് നടക്കുന്നതെന്നിരിക്കെ ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളെ ടൂർണമെന്റിനു പിന്നാലെ തന്നെ മത്സരങ്ങൾക്കിറക്കില്ലെന്ന തീരുമാനമാണ് റയൽ മാഡ്രിഡ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാ ലിഗ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ ടീമിന്റെ പരിശീലകനായ കാർലോ ആൻസലോട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ലോകകപ്പ്? ഞങ്ങൾക്കറിയില്ല എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അതിനെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് ഞങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരി പകുതി വരെ ലോകകപ്പിൽ പങ്കെടുത്ത താരങ്ങളെ കളിപ്പിക്കാതിരിക്കാനും ഇവിടെയുണ്ടാവുന്ന താരങ്ങളെ മാത്രം ഇറക്കാനും ഞങ്ങൾ ആലോചിക്കുന്നുണ്ട്. ചില താരങ്ങൾ ലോകകപ്പിൽ പോയാലും മത്സരങ്ങൾ കളിച്ചേക്കില്ലെന്നതും ഞങ്ങൾ കണക്കിലെടുക്കണം. ചിലർക്ക് പ്രീ സീസൺ നൽകേണ്ടി വരും.” ആൻസലോട്ടി പറഞ്ഞു.
"It may be that until the middle of January we do not play with the players at the World Cup and we only play with the ones that have been here."
— Football España (@footballespana_) October 1, 2022
– Carlo Ancelotti. pic.twitter.com/uzp6SddBAt
റയൽ മാഡ്രിഡിന്റെ തീരുമാനം ടീമിലെ താരങ്ങൾക്ക് വളരെയധികം ആശ്വാസം നൽകുന്ന ഒന്നാണ്. ലോകകപ്പ് അടുത്തിരിക്കെ നിലവിൽ തന്നെ തുടർച്ചയായ മത്സരങ്ങളുള്ള ഷെഡ്യൂളാണ് ഓരോ ക്ലബുകൾക്കുമുള്ളത്. അതുകൊണ്ടു തന്നെ ലോകകപ്പ് കൂടി കഴിഞ്ഞാൽ കളിക്കാർ വളരെയധികം ക്ഷീണിതരാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവർക്കെല്ലാം വേണ്ടത്ര വിശ്രമം ലഭിക്കാൻ സഹായിക്കുന്നതാണ് റയൽ മാഡ്രിഡ് എടുത്ത തീരുമാനം.
കഴിഞ്ഞ സീസണിൽ രണ്ടു പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡ് ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടിയ ടീം സ്റ്റാർ സ്ട്രൈക്കറായ കരിം ബെൻസിമയുടെ അഭാവത്തിലാണ് ഗംഭീര പ്രകടനം നടത്തുന്നത്. അതേസമയം ഈ തീരുമാനം അവരുടെ സീസണിലെ കുതിപ്പിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്.