ഛേത്രി മറക്കാനാഗ്രഹിക്കുന്ന മത്സരം, റഫറിയുടെ പിഴവിൽ നഷ്ടമായത് ഒരു ഗോളും രണ്ടു പെനാൽറ്റിയും
പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ മ്യാൻമാറിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. ഇന്ത്യ ആധിപത്യം പുലർത്തിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം കുറിച്ചത്. അനിരുഥ് താപയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. അടുത്ത മത്സരത്തിൽ ഇന്ത്യ കിർഗിസ്ഥാനെയാണ് നേരിടുന്നത്.
ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ കളിച്ച ഇന്ത്യൻ താരങ്ങളിൽ ഛേത്രി മാത്രമാണ് കഴിഞ്ഞ ദിവസം ഇന്ത്യക്കായി ഇറങ്ങിയിരുന്നത്. എന്നാൽ താരത്തെ സംബന്ധിച്ച് മറക്കാൻ ആഗ്രഹിക്കുന്ന മത്സരമായിരിക്കും ഇന്നലത്തേത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ച താരം അതെല്ലാം നഷ്ടമാക്കിയതിനു പുറമെ അർഹതയുള്ള ഗോളും രണ്ടു പെനാൽറ്റികളും റഫറി നിഷേധിക്കുകയുണ്ടായി.
Sunil Chhetri's 85th International goal was wrongfully denied by FIFA Referees !!!
— IFTWC – Indian Football (@IFTWC) March 22, 2023
– Clearly Not OffSide pic.twitter.com/zCAAEx8usu
മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ടിലാണ് ഛേത്രി ഗോൾ നേടുന്നത്. താപയുടെ ക്രോസ് താരം വലയിലെത്തിച്ചെങ്കിലും റഫറി അത് ഓഫ്സൈഡ് വിധിച്ചു. എന്നാൽ ടിവി റിപ്ലേകളിൽ താരം ഓൺസൈഡ് ആണെന്ന് വ്യക്തമായിരുന്നു. ഇതിനു പുറമെ മത്സരത്തിൽ ഛേത്രിക്ക് അനുകൂലമായി രണ്ടു പെനാൽറ്റികൾ കൂടി നൽകാൻ കഴിയുമായിരുന്നെങ്കിലും അതും ബംഗ്ലാദേശ് റഫറി നിഷേധിച്ചു.
മത്സരത്തിന്റെ നാൽപതാം മിനുട്ടിൽ സുനിൽ ഛേത്രി ഒരു സെൽഫ് ഗോളും അടിക്കേണ്ടതായിരുന്നു. മ്യാൻമർ താരം എടുത്ത ക്രോസ് ഒഴിവാക്കാൻ വേണ്ടി ഛേത്രി പന്ത് ഹെഡ് ചെയ്തെങ്കിലും അത് നേരെ പോസ്റ്റിലേക്കാണ് പോയത്. എന്നാൽ ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ ഇടപെടൽ ഇന്ത്യയെ രക്ഷിച്ചു. രണ്ടു ടീമുകളും ഗോൾ നേടാത്ത സമയത്താണ് ഇതുണ്ടായത്.
📸 | Sunil Chhetri almost scores an own goal but Amrinder saves it #IndianFootball | #BlueTigers pic.twitter.com/PiRyoyBmbx
— 90ndstoppage (@90ndstoppage) March 22, 2023
മത്സരത്തിൽ മോശം പ്രകടനമാണ് ഛേത്രി നടത്തിയത്. പലപ്പോഴും ലക്ഷ്യം കാണാൻ താരത്തിന് കഴിഞ്ഞില്ല. ഒരിക്കൽ മ്യാൻമർ ഗോൾകീപ്പർ മാത്രം മുന്നിൽ വന്ന ഒരു അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ ദേഹത്തേക്കാണ് ഛേത്രി ഷോട്ട് അടിച്ചത്. പ്രായം കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.
അതേസമയം ഛേത്രിയുടെ പ്രകടനത്തെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ റഫറിയെ തെറ്റിദ്ധരിപ്പിച്ച് ഗോൾ നേടിയതിനു ശേഷം റഫറിമാരുടെ തെറ്റായ തീരുമാനം ഛേത്രിക്ക് രണ്ടാമത്തെ മത്സരത്തിലാണ് തിരിച്ചടി നൽകുന്നത്. നേരത്തെ ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ റഫറിയുടെ പിഴവിലൂടെ വന്ന ഒരു പെനാൽറ്റി ഗോളാണ് ഛേത്രിയുടെ ടീമായ ബെംഗളൂരുവിനു കിരീടം നിഷേധിച്ചത്.