“ഇതുവരെ ഇങ്ങിനെ സംഭവിച്ചിട്ടില്ല, ഞാനിപ്പോൾ ഒരു നല്ല വ്യക്തിയാണ്”- ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു

മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്‌ഫർ ഹൈജാക്ക് ചെയ്‌താണ്‌ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ ആ തീരുമാനം ടീമിന് തിരിച്ചടിയാണ് നൽകിയതെന്ന് പിന്നീട് വ്യക്തമായി. റൊണാൾഡോ മികച്ച പ്രകടനം നടത്തിയെങ്കിലും താരത്തിന്റെ സാന്നിധ്യം ടീമിന്റെ സന്തുലിതമായ അവസ്ഥയെ ബാധിക്കുകയുണ്ടായി. അതിനു മുൻപത്തെ സീസണിൽ രണ്ടാം സ്ഥാനത്തു വന്ന ടീം ടോപ് ഫോർ പോലും ഇല്ലാതെയാണ് ഫിനിഷ് ചെയ്‌തത്‌.

ഈ സീസണിൽ പുതിയ പരിശീലകൻ എത്തിയതോടെ റൊണാൾഡോയുടെ അവസ്ഥ കൂടുതൽ മോശമായി. എറിക് ടെൻ ഹാഗിന് കീഴിൽ അവസരങ്ങൾ കുറഞ്ഞ താരം മികച്ച പ്രകടനം നടത്താനും ബുദ്ധിമുട്ടി. ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടുകയായിരുന്നു. റെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ സൗദി ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോ കഴിഞ്ഞ ദിവസം അതേക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“നമ്മുടെ കൂടെ ആരൊക്കെ നിൽക്കുന്നുണ്ടെന്ന് മനസിലാക്കാൻ ചില കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരും. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിലാണ് നിങ്ങളുടെ പക്ഷത്ത് ആരൊക്കെയുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയുക. എനിക്കിപ്പോൾ ഒരു പ്രശ്‌നവുമില്ല, എനിക്ക് മോശം കരിയർ റൺ ഉണ്ടായിരുന്നു, പക്ഷേ പശ്ചാത്തപിക്കാൻ സമയമില്ല.” അദ്ദേഹം സ്പോർട്ട് ടിവി പ്ലസിനോട് പറഞ്ഞു.

“നന്നായി ചെയ്‌താലും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകും. അത് വളർച്ചയുടെ ഭാഗമായിരുന്നു. നമ്മൾ മലയുടെ മുകളിലുള്ളപ്പോൾ, താഴെയുള്ളതോന്നും പലപ്പോഴും കാണില്ല.ആ തിരിച്ചറിവ് പ്രധാനമായിരുന്നു, ഇപ്പോൾ ഞാൻ കൂടുതൽ തയ്യാറാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ സംഭവിച്ച കാര്യങ്ങളിലൂടെ ഇതിനു മുൻപൊരിക്കലും കടന്നു പോയിട്ടില്ല. ഇപ്പോൾ ഞാനൊരു മികച്ച മനുഷ്യനാണ്.” റൊണാൾഡോ പറഞ്ഞു.

സൗദി ലീഗിൽ മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ വരുന്ന നിലവിൽ പോർച്ചുഗൽ ടീമിനൊപ്പമാണുള്ളത്. യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ടു മത്സരങ്ങൾ പോർച്ചുഗൽ ഈ മാസം കളിക്കുന്നുണ്ട്. അതിൽ മികച്ച പ്രകടനം നടത്താമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ലോകകപ്പിൽ നിറം മങ്ങിയ പ്രകടനം നടത്തിയ റൊണാൾഡോക്ക് ദേശീയടീമിൽ കഴിവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്.