ഐഎസ്എല്ലിൽ വീണ്ടും റഫറി വില്ലനായി, ഇത്തവണ പണി കിട്ടിയത് ചെന്നൈയിൻ എഫ്‌സിക്ക് | Chennaiyin FC

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരിക്കൽ കൂടി റഫറി വില്ലനായപ്പോൾ പണി കിട്ടിയത് ചെന്നൈയിൻ എഫ്‌സിക്ക്. ഇന്നലെ പഞ്ചാബ് എഫ്‌സിയുമായി നടന്ന മത്സരത്തിലാണ് റഫറിയുടെ തെറ്റായ തീരുമാനങ്ങൾ മത്സരത്തെ വലിയ രീതിയിൽ സ്വാധീനിച്ചത്. മത്സരത്തിൽ പഞ്ചാബ് ലീഗിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയപ്പോൾ ചെന്നൈയിൻ എഫ്‌സി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് നിൽക്കുന്നത്.

മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് എഫ്‌സി അവരുടെ ആദ്യത്തെ ഐഎസ്എൽ വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അൻപത്തിയാറാം മിനുട്ടിൽ ഫ്രഞ്ച് താരമായ മദിഹ് തലാൽ പഞ്ചാബിന് വേണ്ടി ഗോൾ സ്വന്തമാക്കി. എന്നാൽ മത്സരം ഓർമിക്കപ്പെടുക പ്രധാന റഫറിയായ ആദിത്യ എടുത്ത തീരുമാനങ്ങളുടെ പേരിലാണ്. ചെന്നൈ തോൽക്കാൻ കാരണമായതും റഫറി തന്നെയാണ്.

മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി നേടിയ രണ്ടു ഗോളുകളാണ് റഫറി നിഷേധിച്ചത്. പഞ്ചാബ് എഫ്‌സിയുടെ നേപ്പാളി ഗോൾകീപ്പറായ കിരണിനെ ഫൗൾ ചെയ്‌തുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രണ്ടു ഗോളുകളും നിഷേധിച്ചത്. അതിലൊരു ഗോൾ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ആയിരുന്നു. അതിനു പുറമെ ചെന്നൈയിൻ എഫ്‌സിക്ക് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാൽറ്റിയും റഫറി നൽകിയില്ല.

മത്സരത്തിന് ശേഷം ചെന്നൈയിൻ എഫ്‌സി പരിശീലകൻ മത്സരത്തെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. എന്നാൽ ഇവാൻ വുകോമനോവിച്ചിന്റെ വിലക്ക് കാരണമാണെന്ന് തോന്നുന്നു, റഫറിയിങ്ങിനെതിരെ രൂക്ഷമായൊരു പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതേസമയം ആരാധകർ വലിയ വിമർശനമാണ് നടത്തുന്നത്.

ഐഎസ്എല്ലിൽ റഫറിയിങ് പിഴവുകൾ നിരന്തരം സംഭവിക്കുമ്പോൾ അതിനെ മറികടക്കാൻ യാതൊരു വിധ പ്രവർത്തനവും എഐഎഫ്എഫ് നടത്തുന്നില്ലെന്നത് അപലപനീയമായ കാര്യമാണ്. അതിനൊപ്പം പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താനുള്ള നീക്കവും അവർ നടത്തുന്നുണ്ട്. എന്തായാലും റഫറിമാരുടെ പിഴവുകൾക്ക് പരിഹാരം കണ്ടാൽ മാത്രമേ ഐഎസ്എൽ കൂടുതൽ നിലവാരമുണ്ടാകൂ എന്നതിൽ സംശയമില്ല.

Referee Mistakes In Punjab FC Vs Chennaiyin FC