കേരള ബ്ലാസ്റ്റേഴ്‌സിന് ശുഭപ്രതീക്ഷ നൽകി യുറുഗ്വായ് ജേർണലിസ്റ്റ്, ലോഡെയ്‌രോയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത് | Kerala Blasters

ഏതാനും ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടയിൽ സജീവമായ അഭ്യൂഹമാണ് ക്ലബ് യുറുഗ്വായ് താരമായ നിക്കോളാസ് ലോഡെയ്‌രോയെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെന്നത്. പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി പുറത്തു പോയ അഡ്രിയാൻ ലൂണ ഈ സീസണിൽ കളിക്കില്ലെന്നിരിക്കെ അതിനു ചേരുന്ന ഒരു പകരക്കാരനെ കണ്ടെത്തിയാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ പ്രതീക്ഷയുള്ളൂ.

ഇതുവരെ എംഎൽഎസ് ക്ലബായ സീറ്റിൽ സൗണ്ടേഴ്‌സിന്റെ താരമായിരുന്ന ലോഡെയ്‌രോ അവിടെ സീസൺ അവസാനിച്ചതോടെ ക്ലബ് വിട്ടിരുന്നു. ഡിസംബറിൽ അവരുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും എന്നതിനാലാണ് ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയത്. താരത്തിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ഓഫർ കേരള ബ്ലാസ്റ്റേഴ്‌സിന്റേതാണെങ്കിലും തീരുമാനമൊന്നും വന്നിട്ടില്ല.

അതിനിടയിൽ യുറുഗ്വായ് ജേർണലിസ്റ്റും ലോഡെയ്‌രോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഏറ്റവുമാദ്യം പുറത്തു വിട്ട വ്യക്തിയുമായ വാലന്റൈൻ കനാലേയുടെ വെളിപ്പെടുത്തൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ലോഡെയ്‌രോയെ സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കുന്ന യുറുഗ്വായ് ക്ലബായ നാഷണലിലേക്ക് താരം ചേക്കേറുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇതുവരെ തന്റെ ഭാവിയെക്കുറിച്ച് ലോഡെയ്‌രോ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും നാഷണലിലേക്ക് വരാനാണ് താൽപര്യമെന്ന് താരം പറഞ്ഞിട്ടില്ലെന്നാണ് കനാലെ പറയുന്നത്. അതിനു പുറമെ ഏറ്റവുമവസാനം ലോഡെയ്‌രോയും നാഷണലിന്റെ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച ഒന്നുമായില്ലെന്നും താരം യുറുഗ്വായ് ക്ലബിൽ നിന്നും അകന്നു പോവുകയാണെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഇതിലൊക്കെ മാറ്റം വരാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയും വാലെന്റൈൻ നൽകുന്നുണ്ട്. എന്തായാലും ഇതുവരെയുള്ള സൂചകങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന് പൂർണമായും അനുകൂലമാണ്. താരവും നാഷനലും തമ്മിൽ അകലുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അടുക്കാൻ സഹായിക്കും. എന്നാൽ ലോഡെയ്‌രോക്ക് വേണ്ടി മൂന്നാമതൊരു ക്ലബ് രംഗത്തുണ്ടെന്നത് ആശങ്ക തന്നെയാണ്.

Kerala Blasters Have Hope In Nicolas Lodeiro Signing