ക്വാർട്ടർ ഫൈനൽ കളിക്കാനുറപ്പിച്ച് ലയണൽ മെസി, തീരുമാനം അറിയാനുള്ളത് ഒരൊറ്റ കാര്യത്തിൽ മാത്രം

കോപ്പ അമേരിക്കയിൽ അർജന്റീന കുതിപ്പ് കാണിക്കുമ്പോഴും ലയണൽ മെസിയുടെ കാര്യത്തിൽ ആരാധകർ നിരാശയിലാണ്. ചിലിക്കെതിരായ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. മെസി മത്സരത്തിൽ മുഴുവൻ സമയവും കളിച്ചെങ്കിലും അതിനു ശേഷം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ക്വാർട്ടർ ഫൈനൽ അടക്കം നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ്.

പെറുവിനെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി ബെഞ്ചിൽ ഉണ്ടായിരുന്നെങ്കിലും ഒരു മിനുട്ട് പോലും കളിക്കളത്തിൽ ഇറങ്ങിയില്ല. അതുകൊണ്ടു തന്നെ ക്വാർട്ടർ ഫൈനലിൽ മെസി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനിടയിൽ കഴിഞ്ഞ ദിവസം പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യുൾ പറഞ്ഞത് ആരാധകർക്ക് പ്രതീക്ഷയാണ്.

“പെറുവിനെതിരായ മത്സരത്തിന് ശേഷം മെസിയുടെ കാര്യത്തിൽ വളരെയധികം ശുഭപ്രതീക്ഷയോടെയാണ് ഞാൻ അവിടെ നിന്നും പോയത്. മെസിയുമായി അടുത്ത് നിൽക്കുന്നവരോട് സംസാരിച്ചപ്പോൾ എല്ലാവരും താരം ക്വാർട്ടർ ഫൈനലിൽ കളിക്കുമെന്ന വിശ്വാസത്തിൽ തന്നെയാണ്. മെസി മുഴുവൻ സമയം കളിക്കുമോ, അതോ ബെഞ്ചിൽ നിന്നും കളത്തിലിറങ്ങുമോ എന്നാണു ഇനി അറിയാനുള്ളത്.”

“രണ്ടാമത് പറഞ്ഞ കാര്യത്തിനാണ് കൂടുതൽ സാധ്യതയുള്ളത്. ആദ്യ ഇലവനിൽ ഇറങ്ങാതെ പകരക്കാരനായി മെസി ഇറങ്ങുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്തായാലും ക്വാർട്ടർ ഫൈനലിൽ കളിക്കാനുള്ള പദ്ധതി തന്നെയാണ് മെസിക്കുള്ളത്.” കഴിഞ്ഞ ദിവസം ഗാസ്റ്റൻ എഡ്യുൾ പറഞ്ഞു.

മെസിയുടെ കാര്യത്തിൽ ഒരു സാഹസത്തിന് അർജന്റീന മുതിരാനുള്ള സാധ്യത കുറവാണ്. മെസി ഇല്ലാതെ കഴിഞ്ഞ മത്സരത്തിൽ അർജന്റീന മികച്ച പ്രകടനം നടത്തിയിരുന്നു. താരത്തിന് വിശ്രമം നൽകിയാൽ സെമി ഫൈനൽ അടക്കമുള്ള മത്സരങ്ങൾ നന്നായി ഉപയോഗിക്കാമെന്നിരിക്കെ ക്വാർട്ടർ ഫൈനലിൽ പകരക്കാരനായി ഇറങ്ങാനാണ് സാധ്യത കൂടുതൽ.