ഇനി അർജന്റീനയുടെ കളി മാറും, മെസിയും സ്‌കലോണിയും ഒരുങ്ങിത്തന്നെയാണ്

കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. എന്നാൽ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ ആരാധകർക്ക് നിരവധി ആശങ്കകളുണ്ട്. ഇക്വഡോറിനെതിരായ കഴിഞ്ഞ മത്സരത്തിൽ അർജന്റീന പതറിയിരുന്നു. തോൽവി വഴങ്ങുമെന്ന് വരെ ആരാധകർ പ്രതീക്ഷിച്ച മത്സരത്തിൽ എമി മാർട്ടിനസാണ്‌ ടീമിന്റെ ഹീറോയായത്.

ലയണൽ മെസി തീർത്തും നിരാശപ്പെടുത്തിയ പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. കോപ്പ അമേരിക്കയിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒരു ഗോൾ പോലും അർജന്റീന നായകൻ നേടിയിട്ടില്ല. അതിനിടയിൽ പരിക്ക് പറ്റിയതിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ലയണൽ മെസി മുഴുവൻ സമയം കളിച്ചത്.

എന്തായാലും ഈ പിഴവുകൾ പരിഹരിക്കാൻ അർജന്റീന ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ ലയണൽ മെസി ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തു കഴിഞ്ഞുവെന്നും ഇനി വരാനിരിക്കുന്ന മത്സരത്തിനായി കൂടുതൽ മികച്ച രീതിയിൽ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതിനു പുറമെ ടീമിനെ മികച്ച രീതിയിൽ ഒരുക്കാൻ അർജന്റീന കോച്ചിങ് സ്റ്റാഫുകളും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ടീമിന്റെ പ്രകടനം മോശമായ കഴിഞ്ഞ മത്സരത്തിന് ശേഷം പുലർച്ചെ നാലു മണി വരെ കോച്ചിങ് സ്റ്റാഫുകൾ മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും എവിടെയൊക്കെയാണ് പിഴവുകൾ വന്നതെന്ന് വിശകലനം ചെയ്‌തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തണമെങ്കിൽ ഇതുവരെയുള്ള പ്രകടനം അർജന്റീനക്ക് മതിയാകില്ലെന്നു മനസിലാക്കി ടീമിനെ മെച്ചപ്പെടുത്താനുള്ള സജീവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തം. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന രണ്ടു ഗോളിന് വിജയിച്ച കാനഡയാണ് സെമി ഫൈനലിലെ എതിരാളിയെങ്കിലും കടുത്ത പോരാട്ടം തന്നെ നടക്കാനുള്ള സാധ്യതയുണ്ട്.