കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീമിനോട് വിട പറയുമോ, ലയണൽ മെസിയുടെ മറുപടിയിങ്ങിനെ

കോപ്പ അമേരിക്ക ഫൈനൽ പോരാട്ടം നാളെ രാവിലെ നടക്കാനിരിക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കൊളംബിയയും തമ്മിലുള്ള പോരാട്ടം ആവേശകരമാകും എന്നുറപ്പാണ്. ഇരുപത്തിമൂന്നു വർഷത്തിനു ശേഷം ആദ്യത്തെ കിരീടമെന്ന നേട്ടം സ്വന്തമാക്കാൻ കൊളംബിയ പൊരുതുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീമിലെ വെറ്ററൻ താരമായ ഏഞ്ചൽ ഡി മരിയ വിരമിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞു. അതിനൊപ്പം ലയണൽ മെസിയും വിരമിക്കാനുള്ള പദ്ധതിയുണ്ടെന്ന് പല ഭാഗത്തു നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിൽ മെസി ഈ സംശയങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.

“ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ കൂടുതലായി ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല. ഓരോരോ ദിവസങ്ങളായി കണക്കിലെടുത്ത് ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഞാൻ ആസ്വദിക്കുന്നു. ഇനിയും മുന്നോട്ടു പോകുന്നത് അസാധ്യമാണെന്നു തോന്നുന്നതു വരെ ഇതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കും.” മെസി പറഞ്ഞു.

ഫൈനൽ മത്സരത്തിന് മുൻപ് തന്റെ പരിക്കിനെക്കുറിച്ചും ലയണൽ മെസി വ്യക്തമാക്കി. കാനഡക്കെതിരായ ആദ്യ മത്സരത്തിൽ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതിനു ശേഷം പരിക്കേറ്റത് ഇക്വഡോറിനെതിരെ മാനസികമായി ബാധിച്ചുവെന്നും എന്നാൽ കഴിഞ്ഞ മത്സരത്തിൽ പൂർണമായും ഫിറ്റ്നസ് നേടിയെന്നു ബോധ്യമുള്ളതിനാൽ യാതൊരു പേടിയുമില്ലെന്നും ലയണൽ മെസി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം പുറത്തെടുത്ത ലയണൽ മെസിയിൽ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷകളുള്ളത്. താരം മുഴുവൻ ഫിറ്റ്നസ് വീണ്ടെടുത്താൽ ഏതു പ്രതിരോധത്തെയും പൊളിക്കാൻ കഴിയുമെന്നുറപ്പാണ്. കൊളംബിയയുടെ കരുത്തിനെ മെസി എങ്ങിനെ നേരിടുമെന്നാണ് ഏവരും കാത്തിരിക്കുന്നത്.