അർജന്റീന ടീമിന്റെ കെട്ടുറപ്പ് ഇല്ലാതാകുന്നു, കൂടോത്രവിവാദത്തിൽ താരങ്ങൾ തമ്മിൽ അകൽച്ച | Argentina

കെട്ടുറപ്പോടു കൂടി പൊരുതിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത്. എന്നാൽ താരങ്ങൾ തമ്മിലുള്ള ആ കെട്ടുറപ്പ് ഇല്ലാതാകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീന ടീമിൽ വിവാദപൂർണമായ സംഭവം പുകഞ്ഞു കൊണ്ടിരിക്കുകയാണെന്നും രണ്ടു താരങ്ങൾ തമ്മിൽ വലിയ അകൽച്ചയിലാണെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

ഖത്തർ ലോകകപ്പ് പരിക്ക് കാരണം നഷ്‌ടമായ ജിയോവാനി ലോ സെൽസോയും ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന സെവിയ്യ താരം പപ്പു ഗോമസും തമ്മിലാണ് പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിനു മുൻപ് പരിക്കിന്റെ പിടിയിലായിരുന്ന ലോ സെൽസോയുടെ പരിക്ക് മാറാതിരിക്കാൻ ഗോമസ് കൂടോത്രമടക്കമുള്ള കാര്യങ്ങൾ ചെയ്‌തുവെന്നതാണ് രണ്ടു പേരും തമ്മിൽ അകൽച്ച വരാൻ കാരണം.

ഇതിനു പുറമെ ലോകകപ്പിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പരിക്കുകളുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത പപ്പു ഗോമസ് ആയിരുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. എന്തായാലും ഈ വാർത്തകൾ ശരിയാണെന്ന സൂചന നൽകി പപ്പു ഗോമസിന്റെ ഭാര്യ ജിയോവാനി ലോ സെൽസോ, ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരഡെസ് എന്നിവരെയും ഇവരുടെ ഭാര്യമാരെയും ഇൻസ്റ്റാഗ്രാമിൽ നിന്നും അൺഫോളോ ചെയ്‌തുവെന്ന റിപ്പോർട്ടുകളുമുണ്ട്.

ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി നടന്ന സൗഹൃദ മത്സരങ്ങളിൽ പപ്പു ഗോമസ് ഇടം പിടിക്കാതിരുന്നതിന്റെ കാരണം ഇതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനു പുറമെ സെവിയ്യ യൂറോപ്പ ലീഗ് വിജയിച്ചതിനു ശേഷം പപ്പു ഗോമസ് ഇട്ട പോസ്റ്റുകളിൽ അർജന്റീന ടീമിൽ നിന്നും എമിലിയാനോ മാർട്ടിനസ് മാത്രമാണ് ലൈക്ക് ചെയ്‌തിരിക്കുന്നതെന്നതും ദുരൂഹമാണ്.

Rift Between Papu Gomez And Lo Celso Of Argentina Might Be True