വമ്പൻ താരങ്ങളെ സൗദിയിലെത്തിക്കാൻ ഗവൺമെന്റ് നേരിട്ടിറങ്ങുന്നു, നാല് ക്ലബുകളുടെ നിയന്ത്രണം ഏറ്റെടുത്തു | Saudi PIF

സൗദി അറേബ്യൻ ലീഗ് സമീപഭാവിയിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ ഒന്നാകുമെന്ന് റൊണാൾഡോ ആവർത്തിച്ചു പറയുന്ന കാര്യമാണ്. ആ വാക്കുകളെ പലരും കളിയാക്കാറുണ്ടെങ്കിലും സൗദി അറേബ്യക്ക് അതിനുള്ള പദ്ധതിയുണ്ടെന്ന് അവർ നടത്തുന്ന നീക്കങ്ങളിൽ നിന്നും വ്യക്തമാണ്. ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്നീട് കരിം ബെൻസിമയെയും അവർ ലീഗിലെത്തിക്കുകയുണ്ടായി.

ഇപ്പോൾ സൗദി ലീഗിലെ നാല് ക്ലബുകളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത വിവരം സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്‌റും, കരിം ബെൻസിമ ചേക്കേറിയ അൽ ഇത്തിഹാദും ഇതിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ അൽ അഹ്ലി, അൽ ഹിലാൽ എന്നീ ക്ലബുകളുടെ കൂടി നിയന്ത്രണമാണ് ഗവൺമെന്റ് ഏറ്റെടുത്തത്.

ഓരോ ക്ലബുകളുടെയും എഴുപത്തിയഞ്ച് ശതമാനം ഭാഗമാണ് പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കുന്നത്. ഇതോടെ വലിയ തുകയാണ് ഈ ക്ലബുകൾക്ക് ചിലവഴിക്കാൻ കഴിയുക. വമ്പൻ താരങ്ങളെ ലീഗിലെത്തിക്കുകയെന്നതാണ് ഇവരുടെ പദ്ധതിയെന്നത് വളരെ വ്യക്തമാണ്. റൊണാൾഡോ അൽ നസ്റിലും ബെൻസിമ അൽ ഇത്തിഹാദിലും എത്തിയതിനു പുറമെ മെസിയെ അൽ ഹിലാലിൽ എത്തിക്കാനുള്ള പദ്ധതിയും നടക്കുന്നുണ്ട്.

സൗദി ലീഗിനെ ലോകപ്രശസ്‌തമാക്കുക, അതിനു ശേഷം 2030 ലോകകപ്പ് ആതിഥേയത്വം നേടിയെടുക്കുക എന്നതെല്ലാം ഇവരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. എന്തായാലും ഈ സമ്മറിൽ വമ്പൻ താരങ്ങൾ സൗദിയിലേക്ക് ഒഴുകുമെന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡും പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥയിൽ ഉള്ളതാണ്.

Saudi PIF Took Control Of Four Saudi Clubs