“നിലവിലെ എല്ലാ ചാമ്പ്യന്മാരെയും കീഴടക്കി, ചരിത്രത്തിലെ ഏറ്റവും മികച്ച അർജന്റീന ടീമാണ് ഞങ്ങൾ”

ഖത്തർ ലോകകപ്പിൽ അർജന്റീന സ്വന്തമാക്കിയത് ഐതിഹാസികമായ വിജയമായിരുന്നു. തുടർച്ചയായി മുപ്പത്തിയാറ് മത്സരങ്ങളിൽ തോൽവിയറിയാതെ ടൂർണമെന്റിന് വന്ന അർജന്റീന ആദ്യത്തെ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടെ ടീമിനെതിരെ വിമർശനങ്ങൾ ശക്തമായി. എന്നാൽ ആ തോൽ‌വിയിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ അർജന്റീന പിന്നീട് പൊരുതിയാണ് കിരീടം നേടിയത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീന ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് റോഡ്രിഗോ ഡി പോൾ. കഴിഞ്ഞ ദിവസം ടൈക് സ്പോർട്ടിനോട് സംസാരിക്കേ അർജന്റീനയുടെ ലോകകപ്പ് വിജയത്തെപ്പറ്റി റോഡ്രിഗോ ഡി പോൾ സംസാരിക്കുകയുണ്ടായി. എല്ലാ ചാമ്പ്യന്മാരെയും കീഴടക്കിയ ടീമാണ് അർജന്റീനയെന്നും നിലവിലെ ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അർജന്റീന ടീമാണെന്നും താരം പറയുകയുണ്ടായി.

“നിലവിലെ എല്ലാ ചാമ്പ്യന്മാരെയും ഞങ്ങൾ കീഴടക്കുകയുണ്ടായി. സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീലിനെ ഞങ്ങൾ കീഴടക്കി, യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ കീഴടക്കി, അതിനു പുറമെ ലോകചാമ്പ്യന്മാരായ ഫ്രാൻസും ഞങ്ങൾക്ക് മുന്നിൽ കീഴടങ്ങി. എല്ലാവരും എന്നോട് ക്ഷമിക്കണം, പക്ഷെ അർജന്റീനക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ടീമാണ് ഞങ്ങളുടേത്.” അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ ഡി പോൾ പറഞ്ഞു.

ഡി പോളിന്റെ വാക്കുകൾ തള്ളിക്കളയാൻ കഴിയില്ല. അർജന്റീന സമീപകാലത്തു നടത്തുന്ന പ്രകടനം അതിനു തെളിവാണ്. കഴിഞ്ഞ നാൽപതോളം മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം തോൽവി വഴങ്ങി മൂന്നു കിരീടങ്ങളാണ് അർജന്റീന രണ്ടു വർഷത്തിനിടയിൽ നേടിയെടുത്തത്. ലോകകപ്പിൽ ഓരോ മത്സരങ്ങൾ കഴിയുന്ന സമയത്തും കൂടുതൽ കൂടുതൽ കരുത്തരായി അർജന്റീന മാറുന്ന കാഴ്‌ചയും കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഈ ടീം ഇനിയും ഗംഭീരം പ്രകടനം തുടരുമെന്ന് ആരാധകർക്ക് ഉറപ്പിക്കാൻ കഴിയും.