രാജ്യമേതായാലും രാജാവിന് ഒരുപോലെയാണ്, സൗദിയിൽ മറ്റൊരു നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ജനുവരിയിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ച ട്രാൻസ്‌ഫറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത്. ക്ലബിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ഫ്രീ ഏജന്റായ റൊണാൾഡോ യൂറോപ്പിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരം ലോകത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായി സൗദിയിലാണ് എത്തിയത്.

സൗദി ലീഗിൽ റൊണാൾഡോയുടെ തുടക്കം കുറച്ച് ബുദ്ധിമുട്ടുള്ളതായിരുന്നെങ്കിലും അതിനെ മറികടന്ന് വമ്പൻ പ്രകടനമാണ് താരമിപ്പോൾ നടത്തുന്നത്. അൽ നസ്‌റിനായി ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതിരുന്ന താരം മൂന്നാം മത്സരത്തിലും നിറം മങ്ങിയെങ്കിലും തന്റെ ആദ്യത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടുകയുണ്ടായി. എന്നാൽ അതിനു ശേഷമിങ്ങോട്ട് റൊണാൾഡോ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

ഫെബ്രുവരിയിൽ റൊണാൾഡോ കളിച്ച നാല് മത്സരങ്ങളിൽ നിന്നും രണ്ടു ഹാട്രിക്കുകൾ ഉൾപ്പെടെ എട്ടു ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഇതിനു പുറമെ രണ്ട് അസിസ്റ്റുകളും റൊണാൾഡോയുടെ പേരിലുണ്ട്. റൊണാൾഡോയുടെ ഈ പ്രകടനം കൊണ്ടു തന്നെ ഫെബ്രുവരിയിൽ സൗദി പ്രൊഫെഷണൽ ലീഗിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെ തിരഞ്ഞെടുത്തിട്ടുണ്ട്. യൂറോപ്പിൽ നിന്നും സൗദിയിലെത്തിയത് പുതിയ റെക്കോർഡുകൾ തിരുത്താൻ വേണ്ടിയാണെന്ന വാക്കുകൾ അന്വർത്ഥമാക്കുകയാണ് പോർച്ചുഗീസ് താരം.

സൗദിയിൽ പ്രൊഫെഷണൽ ലീഗിൽ അൽ നസ്‌റിനായി വെറും അഞ്ചു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ലീഗിലെ മികച്ച ഗോൾവേട്ടക്കാരിൽ ആദ്യ സ്ഥാനങ്ങളിൽ റൊണാൾഡൊയുമുണ്ട്. എട്ടു ഗോളുകൾ നേടിയ താരം നിലവിൽ നാലാം സ്ഥാനത്താണ്. പതിമൂന്നു ഗോളുകൾ നേടി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടാലിസ്‌കയെ ഇതേ ഫോം നിലനിർത്തിയാൽ റൊണാൾഡോ മറികടക്കുമെന്ന് ഉറപ്പാണ്. അങ്ങിനെയെങ്കിൽ സീസണിന്റെ പകുതി മുതൽ കളിച്ച് ലീഗ് ടോപ് സ്കോററാകുന്ന താരമെന്ന നേട്ടവും റൊണാൾഡോയെ തേടിയെത്തും.