ബെൻസിമ റൊണാൾഡോക്ക് പഠിക്കുന്നുവോ, മെസിക്ക് ഫിഫ ബെസ്റ്റ് നൽകിയതിൽ താരത്തിന് പ്രതിഷേധം

കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരിം ബെൻസിമ എന്നിവരെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് മെസി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസിയെ പുരസ്‌കാരം നേടാൻ സഹായിച്ചു.

എന്നാൽ മെസിയുടെ പുരസ്‌കാരനേട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ഫ്രഞ്ച് താരമായ കരിം ബെൻസിമക്ക് അതൃപ്‌തിയുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഫ്രഞ്ച് താരം ഇട്ട പോസ്റ്റാണ് ഇത് വ്യക്തമാക്കുന്നത്. മെസി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയതിനു പിന്നാലെ കഴിഞ്ഞ വർഷം താൻ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം കാണിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌ റയൽ മാഡ്രിഡ് താരം.

കഴിഞ്ഞ വർഷം 63 ഗോളുകളും 21 അസിസ്റ്റുകളും സ്വന്തമാക്കിയത്, നേഷൻസ് ലീഗ്, ചാമ്പ്യൻസ് ലീഗ്, ലീഗ് എന്നിങ്ങനെയുള്ള ആറു കിരീടനേട്ടങ്ങൾ, ചാമ്പ്യൻസ് ലീഗിലെയും ലീഗിലെയും മറ്റു ചില ടൂർണമെന്റുകളിലെയും ടോപ് സ്‌കോറർ, ബാലൺ ഡി ഓർ അടക്കം താൻ സ്വന്തമാക്കിയ വ്യക്തിഗത പുരസ്‌കാരങ്ങൾ എന്നിവയെല്ലാം ബെൻസിമ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്‌. അവാർഡ് മെസിക്ക് നൽകിയതിനെ ചോദ്യം ചെയ്‌താണ്‌ ഈ സ്റ്റോറിയെന്നതിൽ സംശയമില്ല.

അതേസമയം കരിം ബെൻസിമ റൊണാൾഡോക്ക് പഠിക്കുകയാണോ എന്നാണു ഈ പോസ്റ്റ് കണ്ട ആരാധകർ ചോദിക്കുന്നത്. ഇതിനു മുൻപത്തെ ചില പുരസ്‌കാരങ്ങളിൽ നിന്നും താൻ തഴയപ്പെട്ടപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുപോലെ സോഷ്യൽ മീഡിയ വഴി തന്റെ നേട്ടങ്ങൾ എണ്ണമിട്ടു നിരത്തുന്ന പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. സമാനമായ രീതിയിൽ തന്നെയാണ് ബെൻസിമയുടെയും പ്രതികരണം. എന്തായാലും മെസിക്ക് അവാർഡ് ലഭിച്ചതിൽ താരം തൃപ്‌തനല്ലെന്ന് ഇത് വ്യക്തമാക്കുന്നു.