റൊണാൾഡോക്ക് കഴിയാതിരുന്നത് കസമീറോ ചെയ്‌തു കാണിച്ചു, ബ്രസീലിയൻ താരത്തിനു പ്രശംസ

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിലാണെന്ന് പറഞ്ഞാൽ അതിൽ യാതൊരു തർക്കവുമില്ല. ഖത്തർ ലോകകപ്പിനു പിന്നാലെ റൊണാൾഡോ ടീം വിട്ടു പോയതിനു ശേഷം തകർപ്പൻ പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 2017നു ശേഷമുള്ള ക്ലബിന്റെ ആദ്യത്തെ കിരീടവും സ്വന്തമാക്കി. ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി കറബാവോ കപ്പ് കിരീടമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും ജനുവരിയിലുമായി ഏതാനും മികച്ച താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഇവർക്കൊപ്പം എറിക് ടെൻ ഹാഗിന്റെ തന്ത്രങ്ങൾ കൂടി കൃത്യമായി വിജയം കണ്ടതോടെയാണ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിൽ കളിക്കുന്നത്. അതേസമയം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരാജയപ്പെട്ടു പോയ ഒരു കാര്യം കൃത്യമായി നടപ്പിലാക്കാൻ പുതിയ സൈനിങായ കസമീറോക്ക് കഴിഞ്ഞുവെന്നാണ് ക്ലബിന്റെ മുൻ താരമായ ഗാർത്ത് ക്രൂക്ക്‌സ് പറയുന്നത്.

റയൽ മാഡ്രിഡിൽ എല്ലാ കിരീടങ്ങളും നേടിയ കസമീറോക്ക് അവിടെ സുഖകരമായി തുടരാമായിരുന്നെങ്കിലും അതിനു നിൽക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്ന താരം വലിയ മാറ്റങ്ങളാണ് വരുത്തിയതെന്നാണ് ക്രൂക്ക്‌സ് പറയുന്നത്. മുട്ടുകാലിൽ നിൽക്കുകയായിരുന്ന ഒരു ക്ലബ്ബിലേക്ക് താരം വരുമ്പോൾ ഡ്രസിങ് റൂമിൽ മുഴുവൻ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നതെന്നും ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തൻറെ ആത്മവിശ്വാസവും പ്രകടനമികവും കളിക്കളത്തിൽ കാണിച്ച കസമീറോ ടീമിൽ ഒത്തിണക്കമുണ്ടാക്കിയെന്നും ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടത്തിയ പ്രകടനം ഒരു ലീഡറുടേതായിരുന്നുവെന്നും ക്രൂക്ക്‌സ് പറയുന്നു. ഡ്രസിങ് റൂമിനെ ഒരുമിച്ചു നിർത്തുകയെന്നതിൽ റൊണാൾഡോ പരാജയപ്പെട്ടപ്പോൾ കസമീറോ അതിൽ വിജയം നേടിയെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഹൃദയത്തിൽ ബ്രസീലിയൻ താരം ഇടം ഞെട്ടിയെന്നും ക്രൂക്ക്‌സ് വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം കസമീറോ ടീമിന്റെ നട്ടെല്ലായി മാറിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മധ്യനിരയെയും പ്രതിരോധത്തെയും ഒരുപോലെ സഹായിക്കുന്ന താരത്തിന്റെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. നിർണായക ഗോളുകൾ നേടിയും ടീമിനെ സഹായിക്കുന്ന താരത്തിന്റെ സാന്നിധ്യം ഈ സീസണിൽ കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കരുത്താണ്.