“മെസി എങ്ങിനെയാണ് എന്നെ കണ്ടതെന്നറിയില്ല, ആ പാസ് അവിശ്വസനീയമായിരുന്നു” ലോകകപ്പിലെ മനോഹരമായ നിമിഷത്തെക്കുറിച്ച് മോളിന

ഖത്തർ ലോകകപ്പിൽ നിരവധി കടുപ്പമേറിയ മത്സരങ്ങൾ കടന്നാണ് അർജന്റീന ഫൈനലിൽ എത്തിയതും അവിടെ ഫ്രാൻസിന്റെ വെല്ലുവിളിയെ അതിജീവിച്ച് കിരീടം സ്വന്തമാക്കിയതും. ലോകകപ്പിലെ ഏറ്റവും ചൂടുപിടിച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം. രണ്ടു ഗോളിന് മുന്നിലെത്തിയ അർജന്റീനക്കെതിരെ രണ്ടു ഗോൾ ഹോളണ്ട് തിരിച്ചടിച്ച മത്സരത്തിൽ ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്.

ഹോളണ്ടിനെതിരായ മത്സരത്തിൽ അർജന്റീനക്കായി നാഹ്വൽ മോളിന നേടിയ ഗോൾ ഏറെ ചർച്ചയായിരുന്നു. മോളിന നേടിയ ഗോളിനെക്കാൾ ലയണൽ മെസി അതിനായി നൽകിയ പാസാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ലയണൽ മെസിയുടെ അവിശ്വസനീയമായ വിഷനാണ് ആ ഗോളിൽ തെളിഞ്ഞു നിന്നത്. മറ്റൊരു താരത്തിനും ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ മെസി നൽകിയ പാസിനെക്കുറിച്ച് കഴിഞ്ഞ ദിവസം മോളിന പറയുകയുണ്ടായി.

“അവിശ്വനീയമായ പാസായിരുന്നു അത്. എന്നെ എങ്ങിനെയാണ് കണ്ടതെന്ന് മെസിയോട് ഞാൻ ചോദിച്ചിട്ടില്ലെന്നതാണ് സത്യം. അതേസമയം എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും എനിക്ക് ചുറ്റുമുള്ള എല്ലാവരും എന്നോട് ചോദിക്കാറുണ്ട് എങ്ങിനെയാണ് മെസി എന്നെ കണ്ടതെന്ന്, എനിക്കും അതറിയില്ലെന്നതാണ് സത്യം.” അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മോളിന പറഞ്ഞു.

ഖത്തർ ലോകകപ്പിൽ പിറന്ന ഏറ്റവും മികച്ച ഗോൾ അതല്ലെങ്കിലും ഏറ്റവും മികച്ച അസിസ്റ്റ് അതു തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യപകുതിയിൽ പിറന്ന ആ ഗോളിന് ശേഷം എഴുപത്തിമൂന്നാം മിനുട്ടിൽ മെസി പെനാൽറ്റിയിലൂടെ അർജന്റീനയുടെ ലീഡ് ഉയർത്തിയെങ്കിലും രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഹോളണ്ട് സമനില നേടി. ഇതേതുടർന്ന് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ എമിലിയാനോ മാർട്ടിനസാണ്‌ അർജന്റീനയുടെ ഹീറോയായത്.