കഴിഞ്ഞ തവണ കണ്ട റയലാവില്ല ഇനി മുന്നിലുണ്ടാവുക, ബാഴ്‌സക്ക് ആൻസലോട്ടിയുടെ മുന്നറിയിപ്പ്

ഫുട്ബോൾ ആരാധകർക്ക് വിരുന്നേകാൻ മറ്റൊരു എൽ ക്ലാസിക്കോ മത്സരം കൂടി വരികയാണ്. കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിലാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ ഏറ്റുമുട്ടുന്നത്. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടക്കുന്ന മത്സരം വ്യാഴാഴ്‌ച രാത്രിയാണ് നടക്കാൻ പോകുന്നത്. രണ്ടാം പാദം ബാഴ്‌സലോണയുടെ മൈതാനത്ത് വെച്ച് ഏപ്രിൽ മാസത്തിലാണ് നടക്കുക.

ഇതിനു മുൻപ് രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത് സ്‌പാനിഷ്‌ സൂപ്പർകപ്പിന്റെ ഫൈനൽ പോരാട്ടത്തിലായിരുന്നു. റയൽ മാഡ്രിഡിനെ പൂർണമായും നിഷ്പ്രഭമാക്കി ബാഴ്‌സലോണ മിന്നുന്ന പ്രകടനം നടത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി കിരീടം സ്വന്തമാക്കി. എന്നാൽ കോപ്പ ഡെൽ റേ മത്സരത്തിനിറങ്ങുമ്പോൾ അന്നു കണ്ട റയൽ മാഡ്രിഡിനെയാവില്ല കാണുകയെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിശീലകൻ കാർലോ ആൻസലോട്ടി.

“ഞങ്ങൾ വിശകലനം ചെയ്‌തിരുന്നു, സൂപ്പർകപ്പിൽ ഞങ്ങൾക്ക് ആത്മാർത്ഥതയും പൊരുതാനുള്ള തോന്നലും ഉണ്ടായിരുന്നില്ല. അന്നുണ്ടായ വ്യക്തിഗത പിഴവുകൾ ഇനി ആവർത്തിക്കാനും പോകുന്നില്ല. ഞങ്ങൾ പ്രധാനപ്പെട്ടൊരു ടൂർണമെന്റ് വിജയിക്കുന്നതിന്റെ തൊട്ടരികിലാണ്, അത് വിജയിക്കണം. അവസാന തീരുമാനം ഉണ്ടാകാൻ പോകുന്ന മത്സരമല്ലിത്, പക്ഷെ ഞങ്ങൾക്ക് മുൻ‌തൂക്കം ഉണ്ടാക്കണം.” ആൻസലോട്ടി പറഞ്ഞു.

രണ്ടു ടീമുകളും പരിക്കിന്റെ പ്രശ്‌നങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. റയൽ മാഡ്രിഡിൽ അലബ കളിക്കില്ലെന്നതിനു പുറമെ റോഡ്രിഗോ, മെൻഡി എന്നിവരുടെ കാര്യം സംശയമാണ്. അതേസമയം ബാഴ്‌സലോണയാണ് വലിയ തിരിച്ചടി നേരിടുന്നത്. പ്രധാന താരങ്ങളായ പെഡ്രി, ലെവൻഡോസ്‌കി, ഡെംബലെ എന്നിവരെല്ലാം പരിക്ക് കാരണം എൽ ക്ലാസിക്കോയിൽ കളിക്കില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ ബാഴ്‌സയ്ക്ക് വിജയപ്രതീക്ഷയും തീരെയില്ല.