അർജന്റീന താരം നെയ്‌മറെക്കാൾ മുന്നിൽ, ഫിഫ ബെസ്റ്റ് റാങ്കിങ്ങിനെ പരിഹസിച്ച് ബ്രസീൽ നായകൻ തിയാഗോ സിൽവ

കഴിഞ്ഞ ദിവസമാണ് 2023 ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അർജന്റീന താരങ്ങൾ തൂത്തു വാരിയ അവാർഡിൽ ലയണൽ മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയപ്പോൾ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള അവാർഡും ലയണൽ സ്‌കലോണി മികച്ച പരിശീലകനുള്ള അവാർഡും സ്വന്തമാക്കി. ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.

അവാർഡ് പ്രഖ്യാപനം കഴിഞ്ഞതിനു ശേഷം പല തരത്തിലുള്ള മുറുമുറുപ്പുകൾ ഉയർന്നു വന്നിരുന്നു. കരിം ബെൻസിമ തന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌താണ്‌ പ്രതികരിച്ചത്. അതിനു പിന്നാലെ അർജന്റീന താരമായ ഹൂലിയൻ അൽവാരസ് ഫിഫ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തെത്തിയതിനെ പരിഹസിച്ച് ബ്രസീലിയൻ താരം തിയാഗോ സിൽവയും രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിനു കമന്റായാണ് തിയാഗോ സിൽവ പ്രതികരിച്ചത്.

ഫിഫ ബെസ്റ്റ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തെത്തിയ താരം മാഞ്ചസ്റ്റർ സിറ്റിയിൽ പകരക്കാരൻ, അർജന്റീനയിലും ആദ്യ ഇലവനില്ല, റിവർപ്ലേറ്റിലാണ് കൂടുതൽ കളിച്ചിട്ടുള്ളത് എന്നായിരുന്നു ഒരു ഇൻസ്റ്റാഗ്രാം പേജിൽ വന്ന പോസ്റ്റിന്റെ തലക്കെട്ട്. അതിനു തിയാഗോ സിൽവ നൽകിയ മറുപടി റാങ്കിങ് ഒരു തമാശയാണ് എന്നായിരുന്നു. ഖത്തറിൽ അൽവാരസ് മികച്ച പ്രകടനം നടത്തിയെങ്കിലും ഫിഫ ബെസ്റ്റ് റാങ്കിങ്ങിൽ ഈ സ്ഥാനം ലഭിച്ചതിൽ സിൽവ അതൃപ്‌തനാണെന്ന് ഇതു വ്യക്തമാക്കുന്നു.

ഫിഫ ബെസ്റ്റ് അവാർഡിൽ നെയ്‌മർക്ക് ആദ്യവോട്ട് നൽകിയ സിൽവ മെസി, ബെൻസിമ എന്നിവരെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയത്. എന്നാൽ നെയ്‌മർക്ക് പോലും അൽവാരസിന്റെ പിന്നിലാണ് റാങ്കിങ്ങിൽ ഇടം ലഭിച്ചത്. നെയ്‌മർ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തപ്പോൾ അതിനേക്കാൾ കുറഞ്ഞ റാങ്കിങ്ങാണ് വിനീഷ്യസ്, ലെവൻഡോസ്‌കി എന്നിവർക്ക് ലഭിച്ചത്. വിനീഷ്യസ് പതിനൊന്നും ലെവൻഡോസ്‌കി പന്ത്രണ്ടും സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്‌.