ലക്‌ഷ്യം അടുത്ത ലോകകപ്പ് തന്നെ, അൽ നസ്‌റിനോട് പ്രത്യേക അഭ്യർത്ഥനയുമായി റൊണാൾഡോ | Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിലെയും ഖത്തർ ലോകകപ്പിലേയും മോശം പ്രകടനത്തിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയതോടെ പലരും താരത്തിന്റെ കരിയർ അവസാനിച്ചുവെന്നാണ് വിലയിരുത്തിയത്. ഒരു പ്രൊഫെഷണൽ ഫുട്ബോൾ താരം വിരമിക്കേണ്ട പ്രായത്തിലെത്തിയ റൊണാൾഡോ ഇനിയൊരു തിരിച്ചുവരവ് നടത്തില്ലെന്ന് പലരും കരുതിയെങ്കിലും അതിനെയെല്ലാം താരം തന്റെ ഇച്ഛാശക്തി കൊണ്ട് മറികടക്കുന്ന കാഴ്‌ചയാണ്‌ കാണാനാവുന്നത്.

സൗദി അറേബ്യയിൽ എത്തിയതിനു ശേഷം മിന്നുന്ന പ്രകടനം നടത്തുന്ന റൊണാൾഡോ കഴിഞ്ഞ സീസൺ പകുതി കളിച്ചപ്പോൾ തന്നെ ഗോളുകൾ അടിച്ചുകൂട്ടി ടോപ് സ്കോറർമാരിൽ ആദ്യ സ്ഥാനങ്ങളിലേക്ക് എത്തിയിരുന്നു. ഈ സീസണിൽ ലീഗിലെ ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ ടീമിനൊപ്പം ഒരു കിരീടവും സ്വന്തമാക്കി. അൽ നസ്‌റിനൊപ്പം മാത്രമല്ല, മറിച്ച് പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും റൊണാൾഡോ ഗംഭീര പ്രകടനമാണ് നടത്തുന്നത്.

നിലവിൽ മുപ്പത്തിയെട്ടു വയസുള്ള റൊണാൾഡോ അടുത്ത വർഷം നടക്കുന്ന യൂറോ കപ്പോടെ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമുള്ള തന്റെ കരിയർ അവസാനിപ്പിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ റൊണാൾഡോയുടെ ലക്‌ഷ്യം അതിൽ അവസാനിക്കില്ലെന്നും 2026 ലോകകപ്പിൽ പോർചുഗലിനൊപ്പം പങ്കെടുത്ത് കിരീടം നേടുകയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. താൻ കളിക്കുന്ന അൽ നസ്റിനോട് റൊണാൾഡോ നടത്തിയ അഭ്യർത്ഥനയിൽ നിന്നും ഇത് വ്യക്തമാണ്.

റിപ്പോർട്ടുകൾ പ്രകാരം തന്റെ നിലവിലെ കരാർ രണ്ടു വർഷത്തേക്ക് കൂടി പുതുക്കാനാണ് റൊണാൾഡോ അൽ നസ്റിനോട് ആവശ്യപ്പെട്ടത്. നിലവിൽ 2025 വരെയാണ് റൊണാൾഡോയുടെ അൽ നസ്ർ കരാർ. ഇത് 2027 വരെ പുതുക്കുന്നതിലൂടെ റൊണാൾഡോ ഉന്നം വെക്കുന്നത് 2026 ലോകകപ്പിൽ കൂടി പോർച്ചുഗൽ ദേശീയടീമിനൊപ്പം കളിക്കുകയെന്നതാണ്. ലോകഫുട്ബോളിൽ ബാക്കിയെല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ലോകകപ്പ് നേടിയിട്ടില്ലെന്ന കുറവ് പരിഹരിക്കാൻ തന്നെയാണ് റൊണാൾഡോ ഒരുങ്ങുന്നത്.

പോർച്ചുഗൽ ടീമിനൊപ്പം തുടരുകയാണെങ്കിൽ റൊണാൾഡോ ലോകകപ്പ് നേടാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ലോകകപ്പിന് ശേഷം പരിശീലകനായി എത്തിയ റോബർട്ടോ മാർട്ടിനസിനു കീഴിൽ മിന്നുന്ന പ്രകടനമാണ് റൊണാൾഡോയും പോർച്ചുഗലും നടത്തുന്നത്. എല്ലാ പൊസിഷനിലും ഏറ്റവും മികച്ച താരങ്ങളുള്ള പോർച്ചുഗൽ യൂറോ കപ്പിന് സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ്. ഇതേ ഫോം തുടരാൻ കഴിഞ്ഞാൽ ലോകകപ്പിലും അവർക്ക് മികച്ച പ്രകടനം നടത്താൻ കഴിയും.

Ronaldo Aims 2026 World Cup Through Al Nassr Extension