ലൂണയില്ലാതെ ഇറങ്ങിയ മത്സരത്തിൽ ദിമിത്രിയോസ് ഹീറോയായി, പഞ്ചാബിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Punjab FC

അഡ്രിയാൻ ലൂണയില്ലാതെ ഈ സീസണിൽ ആദ്യമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയുടെ മൈതാനത്ത് വിജയം നേടി. ലൂണയുടെ അഭാവത്തിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ച ഡൈസുകെയും പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും മത്സരത്തിൽ ആധുപത്യം സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടിയ ഗോളിലാണ് മത്സരത്തിൽ വിജയം നേടിയത്.

തുടക്കത്തിൽ പഞ്ചാബ് ആക്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പിന്നീട് ആധിപത്യം പതിയെ വീണ്ടെടുക്കുന്നതാണ് ആദ്യപകുതിയിൽ കണ്ടത്. പഞ്ചാബിന്റെ മുന്നേറ്റങ്ങൾ ആദ്യം വന്നതിനു ശേഷം പിന്നീട് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു തുടങ്ങി. എന്നാൽ പഞ്ചാബ് പ്രതിരോധം യാതൊരു പിഴവും വരുത്തിയില്ല. രണ്ടു ടീമുകളും ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാതെയാണ് മത്സരത്തിന്റെ ആദ്യപകുതി കടന്നു പോയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ആദ്യഗോൾ നേടി. പെപ്ര നൽകിയ പന്തുമായി മുന്നേറുന്നതിനിടെ അയ്‌മനെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ദിമിത്രിയോസിനു യാതൊരു പിഴവും ഉണ്ടായില്ല. ഗോൾകീപ്പറെ എതിർദിശയിലേക്ക് പറഞ്ഞുവിട്ട് താരം ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തിൽ മുന്നിലെത്തിച്ചു.

അതിനു പിന്നാലെയാണ് മത്സരത്തിലെ മറ്റൊരു നല്ല നിമിഷമുണ്ടായത്. പെപ്രയെ ബോക്‌സിന്റെ പുറത്തു വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് വിബിൻ മോഹനൻ എടുത്തത് പോസ്റ്റിൽ തട്ടിയാണ് തെറിച്ചു പോയത്. സെക്കൻഡുകൾക്കകം ആ പന്ത് പിടിച്ചെടുത്തതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റത്തിൽ ലെസ്‌കോവിച്ചിന്റെ ഒരു ഹെഡറും പോസ്റ്റിൽ തട്ടി തിരിച്ചു വന്നു.

അതിനു ശേഷവും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മത്സരത്തിൽ മുന്നേറ്റങ്ങൾ നടത്തിയത്. ഇടവിട്ടുള്ള മുന്നേറ്റങ്ങൾ പഞ്ചാബും നടത്തിയെങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിക്കുന്നതായിരുന്നില്ല. ബ്ലാസ്‌റ്റേഴ്‌സിനെ പരീക്ഷിക്കാൻ പഞ്ചാബ് പകരക്കാരെ ഇറക്കിയതും കാര്യമായി ഫലം കണ്ടില്ല. സച്ചിൻ സുരേഷ് നടത്തിയ ചില ഹയ് ക്ലൈംസ്‌ മത്സരത്തിൽ വളരെ നിർണായകമായിരുന്നു.

അവസാന മിനിറ്റുകളിൽ ഡൈസുകെ, പണ്ഡിറ്റ തുടങ്ങിയവർ ഇറങ്ങിയെങ്കിലും നേടിയ ഗോൾ പ്രതിരോധിക്കുന്നതിലാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശ്രദ്ധിച്ചത്. അത് ചിലപ്പോഴൊക്കെ പഞ്ചാബിന്റെ മികച്ച മുന്നേറ്റങ്ങൾ ഉണ്ടാകാൻ കാരണമായി. എന്നാൽ അതിനെയെല്ലാം പ്രതിരോധിച്ചു നിന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും സച്ചിൻ സുരേഷും നിർണായകമായ വിജയം ടീമിന് സമ്മാനിച്ചു.

Kerala Blasters Won Against Punjab FC In ISL