ടീമിനൊപ്പമില്ലെങ്കിലും ലൂണ തന്റെ സാന്നിധ്യമറിയിച്ചു, ഐഎസ്എൽ അവാർഡുകൾ തൂത്തുവാരി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പൊരുതി വിജയം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പഞ്ചാബ് എഫ്‌സിയും ഭീഷണി ഉയർത്തിയെങ്കിലും ഒരു ഗോളിന്റെ വിജയമാണ് കൊമ്പന്മാർ സ്വന്തമാക്കിയത്. അഡ്രിയാൻ ലൂണ ഇല്ലാതെ ഇറങ്ങിയ ആദ്യത്തെ മത്സരത്തിൽ താരത്തിന്റെ അഭാവം ഉണ്ടായെങ്കിലും വിജയം നേടാൻ കഴിഞ്ഞത് ആത്മവിശ്വാസമാണ്.

അതേസമയം ഇന്നലത്തെ വിജയത്തിനൊപ്പം ബ്ലാസ്റ്റേഴ്‌സിന് ഇരട്ടിമധുരം നൽകിയാണ് ഐഎസ്എൽ നവംബർ മാസത്തിലെ പുരസ്‌കാരങ്ങൾ ടീമിലെ താരങ്ങൾ തൂത്തുവാരിയത്. ആകെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി ഇക്കാര്യത്തിൽ ആധിപത്യം സ്ഥാപിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. പരിക്ക് കാരണം പുറത്തിരിക്കുന്ന അഡ്രിയാൻ ലൂണക്ക് പുറമെ ദിമിത്രിയോസ്, വിബിൻ മോഹനൻ എന്നിവരാണ് ഐഎസ്എൽ അവാർഡുകൾ നേടിയത്.

അഡ്രിയാൻ ലൂണ നവംബർ മാസത്തിലെ മികച്ച താരത്തിനുള്ള അവാർഡാണ് സ്വന്തമാക്കിയത്. നവംബർ മാസത്തിൽ മൂന്നു മത്സരങ്ങൾ കളിച്ച താരം മൂന്നിലും ഓരോ ഗോളുകൾക്ക് വഴിയൊരുക്കിയത് പുരസ്‌കാരം നേടാൻ സഹായിച്ചു. താരം ടീമിന് എത്ര പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടങ്ങൾ. ഇതിനു മുൻപും ലൂണ ഐഎസ്എൽ മികച്ച താരത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്. താരത്തിന്റെ അഭാവത്തിൽ ഫ്രാങ്ക് ദോവനാണ് പുരസ്‌കാരം സ്വീകരിച്ചത്.

മറ്റൊരു പുരസ്‌കാരം നേടിയത് മുന്നേറ്റനിര താരം ദിമിത്രിയോസാണ്. ചെന്നൈയിൻ എഫ്‌സിക്കെതിരെ താരം നേടിയ ഗോൾ നവംബർ മാസത്തിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ബ്ലാസ്റ്റേഴ്‌സ് പിന്നിൽ നിന്ന് തിരിച്ചടിച്ച് സമനില നേടിയ മത്സരത്തിൽ രണ്ടു ഗോളുകൾ താരം നേടിയിരുന്നു. ജീക്സൺ സിംഗിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ കുറവുകളൊന്നും വരുത്താതെ കളിക്കുന്ന വിബിൻ മോഹനൻ ഐഎസ്എൽ എമേർജിങ് പ്ലയെർ അവാർഡും നേടി.

കഴിഞ്ഞ മാസം ബ്ലാസ്റ്റേഴ്‌സ് സ്ഥാപിച്ച ആധിപത്യത്തിന് തെളിവാണ് ഈ പുരസ്‌കാരങ്ങൾ. എന്നാൽ ഇതിനെല്ലാം നിർണായകമായ പങ്കു വഹിച്ച അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലകപ്പെട്ട് പുറത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേദനയാണ്. താരത്തിന് സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇതുവരെയും അക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.

Kerala Blasters Players Won 3 ISL Awards Of November