മഞ്ഞപ്പടയുടെ അവിശ്വസനീയ പിന്തുണയിൽ പഞ്ചാബ് എഫ്‌സിക്ക് റെക്കോർഡ് അറ്റൻഡൻസ്, ഈ ടീമിനുള്ള പിന്തുണ വേറെ ലെവലാണ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിർണായകമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും അത് ഗോളുകളാക്കി മാറ്റാൻ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പലപ്പോഴും പഞ്ചാബ് വെല്ലുവിളി ഉയർത്തിയെങ്കിലും അതിനെ മറികടക്കാൻ ടീമിന് കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും ഗോൾകീപ്പർ സച്ചിൻ സുരേഷുമെല്ലാം അവസരത്തിനൊത്ത് ഉയർന്നപ്പോൾ എതിരാളികളുടെ മൈതാനത്ത് വിജയം നേടാൻ ടീമിന് കഴിഞ്ഞു.

ദിമിത്രിയോസ് രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടിയ പെനാൽറ്റി ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. അഡ്രിയാൻ ലൂണയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇറങ്ങിയ ആദ്യത്തെ മത്സരമായിരുന്നു ഇത്. ഇനി വമ്പൻ ടീമുകളെ നേരിടാനിരിക്കെ താരത്തിന്റെ അഭാവമുണ്ടാകുമെന്നതിനാൽ ഇന്നലെ നേടിയ വിജയം വളരെ നിർണായകമായ ഒന്നായിരുന്നു. അതേസമയം വിജയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ നൽകാനെത്തിയ ആരാധകരും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഡൽഹിയിലാണ് പഞ്ചാബ് എഫ്‌സി ഹോം മത്സരങ്ങൾ കളിക്കുന്നത്. പഞ്ചാബ് എഫ്‌സിയുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്തെന്ന പോലെയാണ് കളിച്ചതെന്നു പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയുമില്ല. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചാന്റുകളും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായുള്ള കയ്യടികളും മാത്രമാണ് മൈതാനത്ത് ഉണ്ടായിരുന്നത്. ഇത് ടീമിന് വലിയ പ്രചോദനം നൽകിയിട്ടുണ്ട്. പഞ്ചാബ് എഫ്‌സിയുടെ റെക്കോർഡ് അറ്റൻഡൻസും ഇന്നലെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഡൽഹിയിലുള്ള മലയാളികളെയും ഒരുമിപ്പിച്ചാണ് ഇത്തരത്തിലുള്ള ഒരു പിന്തുണ മത്സരത്തിന് നൽകിയത്. എതിരാളികളുടെ മൈതാനത്ത് ഇത്ര വലിയൊരു പിന്തുണ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നതാണ് സത്യം. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ടീമിലെ താരങ്ങൾ കാണിച്ച ആവേശത്തിൽ നിന്നും ഇത് വ്യക്തമായിരുന്നു. ആരാധകരുടെ പിന്തുണ വലിയ രീതിയിലുള്ള ഊർജ്ജമാണ് ടീമിന് നൽകിയത്.

ഡൽഹിയിലാണ് കളിക്കുന്നത് എന്നതിനാൽ തന്നെ പഞ്ചാബ് എഫ്‌സി ആരാധകർ അവരുടെ ഹോം മത്സരങ്ങൾക്ക് എത്തുന്നത് വളരെ കുറവാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ ഏറ്റവും കുറവ് ആരാധകർ മത്സരങ്ങൾക്ക് എത്തിയ ടീമാണ് പഞ്ചാബ് എഫ്‌സി. അതേസമയം എതിരാളികളുടെ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആധിപത്യം സൃഷ്‌ടിക്കുന്നത് ഇതാദ്യമായല്ല. അതുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്ത്യയിലെ മികച്ച ഫാൻബേസ് ആയി തുടരുന്നത്.

Kerala Blasters Fans Give Heavy Support In Delhi