പോസ്റ്റ് നഷ്‌ടമാക്കിയ തകർപ്പൻ ഫ്രീകിക്ക് ഗോൾ, ഐഎം വിജയൻ തേച്ചുമിനുക്കിയ താരം ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയമായി മാറുന്നു | Vibin Mohanan

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണിൽ കളിച്ച പല താരങ്ങളും ചിലപ്പോൾ മാത്രം നടത്തിയ മികച്ച പ്രകടനങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള പ്രശംസ ആരാധകരിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അതുപോലെതന്നെ മികച്ച പ്രകടനം നടത്തുന്ന സമയത്തും അർഹിക്കുന്ന പ്രശംസ ലഭിക്കാത്ത താരങ്ങളും അതിലുണ്ട്. രണ്ടാമത് പറഞ്ഞ ഗണത്തിൽ പെടുന്നതാണ് ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ കളിക്കുന്ന മലയാളി താരമായ വിബിൻ മോഹനൻ.

കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിനു മുൻപും മത്സരത്തിന് ശേഷവും വിബിൻ മോഹനൻ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. മത്സരത്തിന് മുൻപ് നവംബർ മാസത്തിലെ ഐഎസ്എൽ എമേർജിങ് പ്ലേയർ ആയി തിരഞ്ഞെടുക്കപ്പെട്ട താരം ഗംഭീര പ്രകടനമാണ് പഞ്ചാബിനെതിരെ നടത്തിയത്. രണ്ടാം പകുതിയിൽ താരം തൊടുത്തുവിട്ട ഒരു ഗംഭീര ഫ്രീകിക്ക് പോസ്റ്റിലടിച്ചു തെറിച്ചു പോകുന്നതിനും മത്സരം സാക്ഷിയായിരുന്നു.

തൃശൂർ സ്വദേശിയായ വിബിൻ മലപ്പുറത്തെ എംഎസ്‌പി പോലീസ് അക്കാദമിയിലൂടെയാണ് പ്രൊഫെഷണൽ ഫുട്ബോളിലേക്ക് ആദ്യത്തെ ചുവടുകൾ വെക്കുന്നത്. ഒൻപതാം വയസിൽ അവിടെയെത്തിയ താരത്തിന് ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായ ഐഎം വിജയന്റെ ശിക്ഷണം ലഭിക്കുകയുണ്ടായി. അവിടെ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലേക്ക് 2017ൽ എത്തിയ വിബിൻ അതിനു ശേഷമിന്നു വരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തന്നെയാണുള്ളത്. കുറച്ചു കാലം ഗ്രീസിലും താരം പരിശീലനം നടത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കാലഘട്ടത്തിൽ രണ്ടു സീസണുകൾ ഐ ലീഗിൽ കളിച്ചിരുന്ന ക്ലബായ ഇന്ത്യൻ ആരോസിനായി വിബിൻ മോഹൻ ഇറങ്ങിയിരുന്നു. യുവതാരങ്ങളെ വാർത്തെടുക്കാൻ വേണ്ടി ഉണ്ടാക്കിയ ആ ക്ലബിന് വേണ്ടിയുള്ള പ്രകടനം വിബിൻ മോഹനൻ ശ്രദ്ധിക്കപ്പെടാൻ കാരണമായി. 2022 ഒക്ടോബറിലാണ് താരം സീനിയർ ടീമിനായി ആദ്യമായി ബൂട്ടണിയുന്നത്. ഈ സീസണിൽ ജീക്സൺ സിങ്ങിന് പരിക്ക് പറ്റിയതോടെ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ താരം സ്ഥിരസാന്നിധ്യമായി.

വെറും ഇരുപത് വയസ് മാത്രമുള്ള താരം തനിക്ക് ലഭിച്ച അവസരം കൃത്യമായി മുതലെടുക്കുന്നതാണ് ഈ സീസണിൽ കാണുന്നത്. ചെറിയ പിഴവുകൾ വരാറുണ്ടെങ്കിലും മിഡ്‌ഫീൽഡിൽ വളരെ പക്വതയാർന്ന പ്രകടനമാണ് വിബിൻ നടത്തുന്നത്. പന്ത് ഹോൾഡ് ചെയ്യാനും, കൃത്യസമയത്ത് റിലീസ് ചെയ്യാനും, നഷ്‌ടമായ പന്ത് നേടിയെടുക്കാനും, മികച്ച വിഷനോടെ കൃത്യമായ പാസുകൾ നൽകാനുമെല്ലാം കഴിവുള്ള താരം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ ഗോൾ നേടുന്നതിന് തൊട്ടരികിൽ വിബിൻ മോഹനൻ എത്തിയെങ്കിലും ദൗർഭാഗ്യം കൊണ്ട് അത് നഷ്‌ടമായി പോവുകയായിരുന്നു. എന്തായാലും ഫ്രീകിക്ക് എടുക്കുന്നതിനുള്ള തന്റെ കഴിവ് ഇന്നലത്തെ മത്സരത്തിൽ വിബിൻ മോഹനൻ തെളിയിച്ചു കഴിഞ്ഞു. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ ഇനിയും മികച്ച പ്രകടനം നടത്താനും കൂടുതൽ മെച്ചപ്പെടാനും താരത്തിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.

Vibin Mohanan Showing His class For Kerala Blasters