ലൂണയുടെ അഭാവത്തിലും ഡൈസുകെ ആദ്യ ഇലവനിൽ ഇല്ലാതിരുന്നതിന്റെ കാരണമെന്ത്, പരിശീലകന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം | Daisuke Sakai

പഞ്ചാബ് എഫ്‌സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിന് മുൻപാണ് ടീമിന്റെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയ കാര്യം സ്ഥിരീകരിച്ചത്. ട്രെയിനിങിനിടെ കാൽമുട്ടിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഈ സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സജീവമായി പുറത്തു വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഇതേപ്പറ്റി പ്രതികരിക്കാത്തതിനാൽ മാത്രമാണ് ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇല്ലാത്തത്.

ലൂണയുടെ അഭാവത്തിൽ ജാപ്പനീസ് മധ്യനിര താരമായ ഡൈസുകെ സകായ് ടീമിൽ പ്രധാനവേഷം അണിയുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾക്ക് തീർത്തും വിപരീതമായ ഒരു ലൈനപ്പാണ് സഹപരിശീലകനായ ഫ്രാങ്ക് ദോവൻ മത്സരത്തിനായി ഇറക്കിയത്. ഡൈസുകെയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയ അദ്ദേഹം മത്സരത്തിന്റെ അവസാനത്തെ മിനിറ്റുകളിൽ മാത്രമാണ് ജാപ്പനീസ് താരത്തിന് അവസരം നൽകിയതെന്നത് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ്.

അതേസമയം പ്രതിരോധം ഏറ്റവും നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ദോവൻ ഇത് ചെയ്‌തതെന്നാണ്‌ വ്യക്തമാകുന്നത്. ഹോർമിപാം ഇല്ലാതിരുന്ന മത്സരത്തിൽ സെൻട്രൽ ഡിഫെൻഡർമാരായി വിദേശതാരങ്ങളായ ഡ്രിഞ്ചിച്ച്, ലെസ്‌കോവിച്ച് എന്നിവരാണ് ഇറങ്ങിയത്. ഫുൾബാക്കുകളായി പ്രീതം കോട്ടാൽ, നവോച്ച സിങ് എന്നിവരും കളിച്ചപ്പോൾ മുന്നേറ്റനിരയിൽ മറ്റു രണ്ടു വിദേശതാരങ്ങളായ ദിമിത്രിയോസ്, പേപ്ര എന്നിവരും ഇറങ്ങി.

നാല് വിദേശതാരങ്ങൾ മാത്രമേ ഇലവനിൽ ഉണ്ടാകാവൂ എന്നതിനാലാണ് ഡൈസുകെക്ക് ആദ്യ ഇലവനിൽ അവസരം നഷ്‌ടമായത്‌. മത്സരത്തിന് ശേഷം പരിശീലകൻ പറഞ്ഞത് കണക്കാക്കുമ്പോൾ അദ്ദേഹത്തിന്റെ തന്ത്രം വിജയം കണ്ടുവെന്നാണ് മനസിലാക്കേണ്ടത്. ആദ്യമായാണ് രണ്ടു വിദേശതാരങ്ങളെ ഡിഫെൻസിൽ കളിപ്പിക്കുന്നതെന്നും, പ്രതിരോധം മികച്ചു നിന്നുവെന്നും ഡോവൻ പറഞ്ഞു. പിന്നിൽ നിന്നും കൃത്യതയോടെ കളിക്കാൻ അതിലൂടെ കഴിഞ്ഞുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

പഞ്ചാബ് എഫ്‌സിയെപ്പോലെ ദുർബലരായ ഒരു ടീമിനെതിരെ ആധികാരികമായ ഒരു വിജയം ബ്ലാസ്റ്റേഴ്‌സിന് നേടാൻ കഴിഞ്ഞില്ലെങ്കിലും തിരിച്ചടികൾക്കിടയിൽ നേടിയ ഈയൊരു ജയം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. അതേസമയം അടുത്ത മത്സരങ്ങളിൽ ഇതുപോലെയൊരു പ്രകടനം ടീമിൽ നിന്നും പ്രതീക്ഷിക്കാൻ കഴിഞ്ഞേക്കില്ല. ലൂണയില്ലാതെ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സ് ഇനി നേരിടേണ്ടത്.

Reason Daisuke Sakai Not In XI Against Punjab FC