ലയണൽ മെസി വീണ്ടും ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ, പ്രതിഷേധവുമായി ആരാധകർ | Messi

ലയണൽ മെസി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്ലബ് തലത്തിലും ദേശീയടീമിനു വേണ്ടിയും താരം സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം അതിനു തെളിവാണ്. ദേശീയ ടീമിന് വേണ്ടി ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്ന ഒരുപാട് കാലമായി ഉയരുന്ന വിമർശനങ്ങൾ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ സാധ്യമായ എല്ലാ നേട്ടങ്ങളും അർജന്റീന ടീമിന് നേടിക്കൊടുത്താണ് താരം അവസാനിപ്പിച്ചത്.

കഴിഞ്ഞ വർഷം ഖത്തർ ലോകകപ്പിൽ വിജയം നേടിയതിനു പിന്നാലെ നിരവധി അവാർഡുകളാണ് മെസിയെ തേടിയെത്തിയത്. ഫിഫയുടെ മികച്ച താരം, ബാലൺ ഡി ഓർ, ലോറീസ് അവാർഡ് എന്നിവയെല്ലാം ലയണൽ മെസി സ്വന്തമാക്കി. താരം അത് അർഹിക്കുന്നതാണെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. എന്നാൽ ഇത്തവണ ഫിഫ ദി ബെസ്റ്റ് അന്തിമലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ മെസി അതിൽ ഉൾപ്പെട്ടത് ആരാധകരിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഫിഫയുടെ മികച്ച താരത്തിനുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസിക്ക് പുറമെ എർലിങ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരാണ് ലിസ്റ്റിലുള്ളത്. ലോകകപ്പിന് ശേഷമുള്ള പ്രകടനമാണ് പുരസ്‌കാരത്തിന് പ്രഖ്യാപിക്കുകയെന്നിരിക്കെ ലയണൽ മെസി എങ്ങിനെയാണ് അന്തിമ ലിസ്റ്റിൽ വന്നതെന്നാണ് ഏവരും ചോദിക്കുന്നത്. ഇക്കാലയളവിൽ ഒരു ഫ്രഞ്ച് ലീഗ് കിരീടവും അമേരിക്കയിൽ ലീഗ്‌സ് കപ്പും സ്വന്തമാക്കിയ മെസി അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്.

മെസിക്ക് പുറമെ അവസാനത്തെ മൂന്നിൽ വന്ന എംബാപ്പയും കൂടുതൽ നേട്ടങ്ങളൊന്നും ഇക്കാലയളവിൽ സ്വന്തമാക്കിയിട്ടില്ല. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച കെവിൻ ഡി ബ്രൂയ്ൻ, റോഡ്രി തുടങ്ങിയ താരങ്ങളെയെല്ലാം ഫിഫ ഈ ലിസ്റ്റിൽ നിന്നും തഴഞ്ഞിട്ടുണ്ട്. പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാലയളവിൽ ഇത്രയും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഒഴിവാക്കിയത് അനീതിയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ലയണൽ മെസിയോട് ഫിഫ നേതൃത്വത്തിന് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്ന വിമർശനം വളരെക്കാലമായി ഉയരുന്നതാണ്. അതിനു സാധൂകരിക്കുന്നതാണ് ഫിഫ പുറത്തു വിട്ട ഈ ലിസ്റ്റ്. അർഹതയുള്ള മറ്റു താരങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നതാണ് ഇതിൽ ഏറ്റവും നിരാശയുണ്ടാക്കുന്ന കാര്യം. ഇനി ഈ തവണയും മെസി തന്നെ പുരസ്‌കാരം സ്വന്തമാക്കിയാൽ അതൊരു വലിയ അനീതിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Messi Included In FIFA Best Nominees List