പന്ത്രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്ച, സൗദിയിലേക്ക് ചേക്കേറിയതിനു പിന്നാലെ റൊണാൾഡോക്ക് തിരിച്ചടി
യൂറോപ്യൻ ഫുട്ബാളിൽ കളിക്കാനും ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഇറങ്ങാനുമുള്ള ആഗ്രഹം വേണ്ടെന്നു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്തിൽ വിശ്വസിക്കാൻ പ്രയാസമുള്ള തീരുമാനമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനു പിന്നാലെ ഫ്രീ ഏജന്റായ താരം ചാമ്പ്യൻസ് ലീഗ് ക്ലബുകളിലേക്ക് ചേക്കേറാൻ ശ്രമിച്ചെങ്കിലും അവയൊന്നും കൃത്യമായി വിജയം കണ്ടില്ല. ഇതേതുടർന്ന് റൊണാൾഡോ സൗദിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
സൗദിയിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫർ താരത്തെ സംബന്ധിച്ച് കരിയറിൽ വലിയൊരു വീഴ്ച തന്നെയാണ്. അതിനു പിന്നാലെ തന്നെ ഫിഫ 23യിലെ റൊണാൾഡോയുടെ റേറ്റിങ്ങും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. നേരത്തെ 90 റേറ്റിങ് ഉണ്ടായിരുന്ന റൊണാൾഡൊക്കിപ്പോൾ 88 ആണു റേറ്റിങ് നൽകിയിരിക്കുന്നത്. ഫിഫ 11 പുറത്തു വന്നതിനു ശേഷം ആദ്യമായാണ് റൊണാൾഡോക്ക് തൊണ്ണൂറിൽ കുറഞ്ഞ റേറ്റിങ് ലഭിച്ചിരിക്കുന്നത്. ഈ സീസണിലെ മോശം ഫോമിനു പിന്നാലെ സൗദിയിലേക്ക് ചേക്കേറാനുള്ള തീരുമാനവും ഫിഫ റേറ്റിംഗിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഫിഫ 23 ആദ്യം ലോഞ്ച് ചെയ്ത സമയത്ത് റൊണാൾഡോയുടെ റേറ്റിങ് 90 ആയിരുന്നു. ഫിഫ 22വിനെ അപേക്ഷിച്ച് ഇതൊരു റേറ്റിങ് കുറവാണ്. ഡ്രിബ്ലിങ്, സ്റ്റാമിന എന്നിവയിലാണ് താരത്തിന് പ്രധാനമായും ഇടിവ് സംഭവിച്ചത്. ഇവ രണ്ടും യഥാക്രമം 84ൽ നിന്നും 81ലേക്കും 74ൽ നിന്നും 70ലേക്കും വീഴുകയുണ്ടായി. ഇതിനു പുറമെ ഫിനിഷിങ്, ആക്സിലറേഷൻ, റിയാക്ഷൻ എന്നിവയിലും ചെറിയ തോതിലുള്ള ഇടിവ് സംഭവിക്കുകയുണ്ടായി. ഈ മാറ്റങ്ങൾ കരിയർ മോഡിനെ മാത്രമേ ബാധിക്കുകയുള്ളൂ. റേറ്റിങ്ങിൽ കുറവ് സംഭവിച്ചെങ്കിലും സൗദി അറേബ്യൻ ലീഗിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള താരം റൊണാൾഡോ തന്നെയാണ്. 76 റേറ്റിങ്ങുള്ള സലേം അൽ ദാവ്സാരിയാണ് രണ്ടാം സ്ഥാനത്ത്.
Ronaldo’s FIFA 23 rating slashed after departure from Manchester United https://t.co/Xw107qvgFc
— The Sun Tech (@TheSunTech) January 2, 2023
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് തിരിച്ചടികളുടെ വർഷമായിരുന്നു 2022. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ രണ്ടാമത്തെ ടോപ് സ്കോറർ എന്ന നിലയിൽ നിന്നുമാണ് ഈ സീസണിൽ പ്രീമിയർ ലീഗിലും ലോകകപ്പിലും മോശം പ്രകടനം നടത്തി, നിഷേധാത്മകമായ സ്വഭാവം കൊണ്ട് ഒരുപാട് വിമർശനങ്ങളേറ്റു വാങ്ങി, സൗദി ലീഗിലേക്ക് ട്രാൻസ്ഫർ നടത്തേണ്ടി വന്ന കളിക്കാരനായി റൊണാൾഡോ മാറിയത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും യൂറോപ്യൻ ഫുട്ബോളിന്റെ മികവ് സൗദിയിൽ റൊണാൾഡോക്ക് ആസ്വദിക്കാൻ കഴിയില്ല.