വിമർശിക്കുന്തോറും ഊർജ്ജമേറുന്ന അപൂർവ ഐറ്റം, എല്ലാവരെയും പിന്നിലാക്കി 2023ലെ ഒന്നാമനായി റൊണാൾഡോ | Ronaldo

സൗദി പ്രൊ ലീഗിൽ റൊണാൾഡോയുടെ അൽ നസ്‌റും കരിം ബെൻസിമയുടെ അൽ ഇത്തിഹാദും തമ്മിലുള്ള പോരാട്ടം കഴിഞ്ഞപ്പോൾ വമ്പൻ വിജയമാണ് അൽ നസ്ർ സ്വന്തമാക്കിയത്. മുൻ ലിവർപൂൾ താരമായ ഫാബിന്യോ ചുവപ്പുകാർഡ് കണ്ടു പുറത്തായതിന് ശേഷം അര മണിക്കൂറോളം പത്ത് പേരായി കളിക്കേണ്ടി വന്ന അൽ ഇത്തിഹാദ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ പൂട്ടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സാഡിയോ മാനേയുടെയും ഇരട്ടഗോളുകളാണ് മത്സരത്തിൽ അൽ നസ്റിന് വിജയം നേടിക്കൊടുത്തത്. റൊണാൾഡോ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെ സ്വന്തമാക്കിയപ്പോൾ ബെൻസിമക്ക് ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. ആദ്യം ഇത്തിഹാദും പിന്നീട് അൽ നസ്‌റും മുന്നിലെത്തിയ മത്സരം ഫാബിന്യോക്ക് റെഡ് കാർഡ് കിട്ടുന്നത് വരെ സമനിലായിരുന്നു. അതിനു ശേഷമാണ് മത്സരം ഏകപക്ഷീയമായി മാറിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു പെനാൽറ്റി ഗോളും സാഡിയോ മാനെയുടെ രണ്ടു ഗോളും ചുവപ്പുകാർഡിനു ശേഷമാണ് വന്നത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ സൗദി പ്രൊ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനത്ത് പത്തൊൻപതു ഗോളുകളുമായി റൊണാൾഡോ ഒന്നാം സ്ഥാനത്തു നിൽക്കുകയാണ്. അതിനു പുറമെ ലീഗിലെ അസിസ്റ്റ് വേട്ടക്കാരിലും റൊണാൾഡോ തന്നെയാണ് ഒന്നാമത് നിൽക്കുന്നത്.

മുപ്പത്തിയെട്ടുകാരനായ റൊണാൾഡോ ഈ വർഷം അവസാനിക്കുമ്പോൾ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. നിലവിൽ അൻപത്തിമൂന്നു ഗോളുകൾ ഈ സീസണിൽ ക്ലബിനും ദേശീയ ടീമിനും താരം നേടിയിട്ടുണ്ട്. മറ്റൊരു താരത്തിനും ഇത്രയും ഗോളുകളില്ല. ഈ വര്ഷം അവസാനിക്കും മുൻപ് ഒരു മത്സരം കൂടി റൊണാൾഡോയുടെ അൽ നസ്റിന് ബാക്കിയുണ്ട്.

കഴിഞ്ഞ സീസണിൽ കരിയർ അവസാനഘട്ടത്തിലെത്തിയെന്നു കരുതിയിരുന്ന റൊണാൾഡോയുടെ മറ്റൊരു മുഖമാണ് ഈ സീസണിൽ കാണുന്നത്. അൽ നസ്റിൽ എത്തിയതിനു ശേഷം ഉയിർത്തെഴുന്നേൽപ്പ് നടത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ ഏറ്റവും മികച്ച ഫോമിലാണ്. അൽ നസ്‌റിനൊപ്പം സാധ്യമായ കിരീടങ്ങളും പോർച്ചുഗൽ ടീമിനൊപ്പം യൂറോ കപ്പും നേടുകയാണ് താരത്തിന്റെ പ്രധാന ലക്‌ഷ്യം.

Ronaldo Scored 53 Goals In 2023