സുവാരസിൽ അവസാനിക്കുന്നില്ല, അർജന്റീന സഹതാരത്തെ ഇന്റർ മിയാമിയിലേക്കെത്തിക്കാൻ മെസി | Lionel Messi

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ നിരവധി താരങ്ങളാണ് അമേരിക്കൻ ക്ലബിലെത്തിയത്. ബാഴ്‌സലോണയിൽ മെസിയുടെ സഹതാരങ്ങളായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവർ മെസിക്കൊപ്പം തന്നെ ഇന്റർ മിയാമിയിലേക്ക് ചേക്കേറി കഴിഞ്ഞ സീസണിൽ താരത്തിനൊപ്പം കളിച്ചു. പുതിയ സീസണിന് മുന്നോടിയായി ഉറ്റ സുഹൃത്തായ സുവാരസും ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഇന്റർ മിയാമി മുന്നേറ്റനിര മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ടീമിന്റെ ഡിഫൻസ് വളരെ ദുർബലമായിരുന്നു. ഇത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്റർ മിയാമി ചരിത്രത്തിലാദ്യമായി ഒരു കിരീടം നേടുകയും രണ്ടു ഫൈനൽ കളിക്കുകയും ചെയ്‌ത സീസൺ ആയിരുന്നെങ്കിലും ലയണൽ മെസി കളിക്കുന്ന ഒരു ടീമിന്റെ ആധിപത്യം കാണിക്കാൻ അവർക്ക് കഴിയാതിരുന്നതിന്റെ ഒരു കാരണം പ്രതിരോധം ദുർബലമായതാണ്.

ഇന്റർ മിയാമിയെ കുറച്ചുകൂടി മെച്ചപ്പെടുത്താനും ടീമിന്റെ പ്രതിരോധത്തെ നയിക്കാനും തന്റെ അർജന്റീന സഹതാരത്തെ ടീമിലെത്തിക്കാൻ ലയണൽ മെസി ശ്രമം തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ അർജന്റീന ടീമിനൊപ്പമില്ലാത്ത പ്രതിരോധതാരമായ മാർക്കോസ് റോഹോയെ ഇന്റർ മിയാമിയിൽ എത്തിക്കാനാണ് മെസി നീക്കങ്ങൾ നടത്തുന്നത്. ഹെർനാൻ കാസ്റ്റിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

യൂറോപ്പിൽ സ്‌പാർട്ടക് മോസ്‌കോ, സ്പോർട്ടിങ് എസ്‌പി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മാർക്കോസ് റോഹോ. അർജന്റീന ടീമിന് വേണ്ടി 61 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2018 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നൈജീരിയക്കെതിരെ അവസാന മിനിറ്റുകളിൽ നേടിയ വിജയഗോൾ ആരും മറക്കാനിടയില്ല. നിലവിൽ ബൊക്ക ജൂനിയേഴ്‌സിലാണ് താരം കളിക്കുന്നത്.

മുപ്പത്തിമൂന്നു വയസ് പ്രായമുള്ള മാർക്കോസ് റോഹോയെ ഇന്റർ മിയാമിയിൽ എത്തിക്കാൻ കഴിഞ്ഞാൽ അത് ക്ലബിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ താരത്തിന് 2025 വരെ അർജന്റൈൻ ക്ലബുമായി കരാറുള്ളത് മെസിയുടെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയാണ്. എന്തായാലും പുതിയ സീസൺ പ്രമാണിച്ച് മികച്ച രീതിയിൽ തന്നെ തയ്യാറെടുക്കാനാണ് ഇന്റർ മിയാമി ഒരുങ്ങുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Lionel Messi Want Marcos Rojo At Inter Miami