മോഹൻ ബഗാൻ എന്റെ ടീമായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിനെയാണ് ഞാനിപ്പോൾ ആസ്വദിക്കുന്നത്, പ്രബീർ ദാസ് പറയുന്നു | Prabir Das

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാൻ പോകുന്നത് വളരെ സുപ്രധാനമായ ഒരു പോരാട്ടമാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ മോഹൻ ബഗാനും തമ്മിലാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിൽ മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരം രണ്ടു ടീമുകൾക്കും വളരെ പ്രധാനമാണ്.

രണ്ടു ടീമുകളും തമ്മിലുള്ള മത്സരം ചില കാര്യങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. മോഹൻ ബഗാന്റെ മുൻ താരങ്ങളായ പ്രീതം കോട്ടാൽ, പ്രബീർ ദാസ് എന്നിവർ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിലാണ് കളിക്കുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരവും ആരാധകരുടെ പ്രിയങ്കരനുമായ സഹൽ അബ്‌ദുൾ സമദ് നിലവിൽ കളിക്കുന്നത് മോഹൻ ബഗാന് വേണ്ടിയുമാണ്.

കഴിഞ്ഞ ദിവസം പ്രബീർ ദാസ് തന്റെ മുൻ ക്ലബിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. “ഞാൻ എന്റെ മുൻ ക്ലബ്ബിനെ ബഹുമാനിക്കുന്നു. തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം അവർ വളരെ അപകടകാരികളാണ്. അവരെ തടുക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്, എന്താണ് സംഭവിക്കുകയെന്നു നോക്കാം. ഞാനിപ്പോൾ ഇവിടെ ആസ്വദിക്കുന്നു. ഈ ആരാധകരും കോച്ചിങ് സ്റ്റാഫുമെല്ലാം വളരെ സന്തോഷം നൽകുന്നുണ്ട്.” താരം പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിൽ കളിച്ചിരുന്ന ടീമാണ് മോഹൻ ബഗാൻ. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർ തോൽവി വഴങ്ങുകയുണ്ടായി. അതിൽ തന്നെ എഫ്‌സി ഗോവക്കെതിരെ നടന്ന മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങിയാണ് ടീം തോറ്റത്. അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മികച്ചൊരു തിരിച്ചുവരവിനാവും അവർ ശ്രമിക്കുന്നുണ്ടാവുക.

മുംബൈ സിറ്റിക്കെതിരായ സംഭവബഹുലമായ മത്സരത്തിൽ നാല് മോഹൻ ബഗാൻ താരങ്ങൾക്ക് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. ആ കാർഡുകൾ ആ മത്സരത്തിന്റെ ഗതിയെ സ്വാധീനിച്ചതിനു പുറമെ അവർക്കെല്ലാം സസ്‌പെൻഷൻ ലഭിച്ചത് എഫ്‌സി ഗോവക്കെതിരായ മത്സരത്തെയും പ്രതികൂലമായി ബാധിച്ചു. ഇന്നത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ ലിസ്റ്റൻ കോളാകോ മോഹൻ ബഗാനു വേണ്ടി കളിക്കില്ല.

Prabir Das Warns About Mohun Bagan