എമിലിയാനോ മാർട്ടിനസിന്റെ നെഞ്ചകം തകർത്ത് ഗർനാച്ചോയുടെ ഡബിൾ ബാരൽ ഷോട്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരുന്നു | Garnacho

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിന്നിരുന്ന ആസ്റ്റൺ വില്ലയെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോഡിൽ കീഴടക്കി ഈ സീസണിലെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചത്.

ഇന്നലെ നടന്ന മത്സരം ഇരുപത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ആസ്റ്റൺ വില്ല രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. നായകനായ ജോൺ മക്ഗിന്നും ലിയാണ്ടർ ഡെണ്ടൊക്കറുമാണ് ആസ്റ്റൺ വില്ലക്കായി ഗോളുകൾ നേടിയത്. ആ ലീഡിൽ ആദ്യപകുതി അവസാനിച്ചതോടെ തുടർച്ചയായ അഞ്ചാമത്തെ മത്സരത്തിൽ വിജയം ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഉറപ്പിച്ചു.

എന്നാൽ അർജന്റീന താരമായ ഗർനാച്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉയർത്തെഴുന്നേൽപ്പിനു തുടക്കം കുറിക്കുന്നതാണ് പിന്നീട് കണ്ടത്. അൻപതാം മിനുട്ടിൽ താരം നേടിയ ഗോൾ വീഡിയോ പരിശോധനയിൽ നിഷേധിക്കപ്പെട്ടെങ്കിലും ഒൻപത് മിനുട്ട് പിന്നിട്ടപ്പോൾ താരം ടീമിനായി ഗോൾ സ്വന്തമാക്കി. മാർക്കസ് റാഷ്‌ഫോഡിന്റെ പാസിൽ ഗോൾകീപ്പറെ കീഴടക്കേണ്ട ആവശ്യമേ താരത്തിനുണ്ടായിരുന്നുള്ളൂ.

എഴുപത്തിയൊന്നാം മിനുട്ടിൽ താരം വീണ്ടും വല കുലുക്കി. ബോക്‌സിനുള്ളിൽ പന്ത് ലഭിച്ച താരം അർജന്റീനയുടെ ലോകോത്തര ഗോളി എമിലിയാനോ മാർട്ടിനസിനു ഒരവസരവും നൽകാതെ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു. അതിനു പിന്നാലെ സമ്മർ ജാലകത്തിൽ ടീമിലെത്തിയ റാസ്‌മുസ് ഹൊലുണ്ട് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ് പൂർത്തിയായി.

മത്സരത്തിൽ വിജയം നേടിയതോടെ എട്ടാം സ്ഥാനത്തു കിടന്നിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം ഈ സീസണിൽ അവിശ്വസനീയമായ കുതിപ്പ് കാണിക്കുന്ന ആസ്റ്റൺ വില്ലക്ക് തോൽവി ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. ഈ സീസണിൽ ആദ്യമായാണ് പിന്നിൽ നിന്നും തിരിച്ചടിച്ച് ആസ്റ്റൺ വില്ലക്കെതിരെ ഒരു ടീം വിജയം സ്വന്തമാക്കുന്നത്.

Garnacho Inspire Man Utd Come Back Against Aston Villa