മത്സരം പൂർത്തിയാക്കി തിരിച്ചു വീട്ടിൽ പോകുമെന്ന് യാതൊരു ഉറപ്പുമില്ല, ഈ ആരാധകർ ഇതാണോ അർഹിക്കുന്നത് | Kochi Stadium

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻ ബേസാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ മത്സരത്തിൽ ആരാധകപിന്തുണയുടെ ഏറ്റവും മൂർത്തീഭാവം കാണുകയും ചെയ്‌തു. എന്നാൽ ടീമിന് വേണ്ടി ഏറ്റവും മികച്ച പിന്തുണ നൽകുകയും മത്സരങ്ങളിൽ മുഴുവൻ സമയവും ടീമിനായി ഊർജ്ജം ചിലവഴിക്കുകയും ചെയ്യുന്ന ആരാധകർ അർഹിക്കുന്ന സൗകര്യങ്ങളാണോ കൊച്ചി സ്റ്റേഡിയം നൽകുന്നതെന്ന് സംശയമുണ്ട്.

കഴിഞ്ഞ ദിവസം മുംബൈ സിറ്റിയുമായുള്ള മത്സരത്തിനിടയിൽ ഉണ്ടായ സംഭവം വീഡിയോ സഹിതമാണ് ആരാധകർ പുറത്തു വിട്ടത്. ഗോളടിക്കുമ്പോൾ ആരാധകർ ആവേശം കൊള്ളുമ്പോൾ സ്റ്റേഡിയം കുലുങ്ങുന്നത് നേരത്തെ തന്നെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിന്റെ കുലുക്കത്തിനൊപ്പം ഒരു കോൺക്രീറ്റ് കഷ്‌ണം ആരാധകന്റെ ദേഹത്തേക്ക് വീണു പരിക്കു പറ്റുകയുണ്ടായി. ദേഹത്ത് വീണ കോൺക്രീറ്റിന്റെ കഷ്‌ണവും തനിക്ക് പരിക്ക് പറ്റിയതും ആരാധകൻ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് സ്റ്റേഡിയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നതിനൊപ്പം മത്സരത്തിനെത്തുന്ന കാണികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ചർച്ചയാകുന്നുണ്ട്. ട്വിറ്ററിൽ ഒരു ആരാധകൻ ഇട്ട പോസ്റ്റ് പ്രകാരം തിരുവനന്തപുരത്തു നിന്നും എത്തിയ അയാൾക്കും കൊച്ചുകുട്ടി ഉൾപ്പെടുന്ന കുടുംബത്തിനും കുടിക്കാൻ വെള്ളം പോലും ലഭിച്ചില്ല. ഇരുപതു രൂപക്ക് വെള്ളം ലഭിച്ചിരുന്നെങ്കിലും അത് പെട്ടന്ന് തന്നെ തീർന്നു പോയെന്ന് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്ററെ മെൻഷൻ ചെയ്‌ത്‌ വ്യക്തമാക്കുന്നു.

മൂന്നു മണിക്കൂറോളം തങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുവെന്നും ആദ്യം ഏതാനും ചിപ്‌സും ഗ്ലാസ്സിൽ വെള്ളവും ലഭിച്ചുവെന്നും എന്നാൽ പെട്ടന്ന് തന്നെ അത് തീർന്നു പോയെന്നും അദ്ദേഹം കുറിച്ചു. നിരവധി ആരാധകർ പൈപ്പിൽ നിന്നുമുള്ള വൃത്തിഹീനമായ വെള്ളം കുടിച്ചാണ് ദാഹം അകറ്റിയതെന്ന് അദ്ദേഹം പറയുന്നു. അതിനു പുറമെ ബാത്ത്റൂമുകളുടെ അവസ്ഥ വളരെ വളരെ മോശമാണെന്നും രാജേഷ് എന്ന് പേരുള്ള ട്വിറ്റർ യൂസർ വ്യക്തമാക്കി.

സ്റ്റേഡിയത്തിലേക്ക് സ്റ്റിക്കർ ഇല്ലാത്ത ബോട്ടിലുകളിൽ വെള്ളം കൊണ്ടുവരാമെങ്കിലും തങ്ങളെ അതിനു അനുവദിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. കുടുംബവും കുട്ടികളുമായി ഒരിക്കലും മത്സരം കാണാൻ പോകാൻ കഴിയില്ലെന്നും സൗകര്യങ്ങൾ മെച്ചപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ആരാധകർ ഇതിനു മറുപടിയുമായി എത്തുകയും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടേണ്ടത് അനിവാര്യമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

Kochi Stadium Lacks Basic Necessities Says Fans