കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പൂർണമായും തഴഞ്ഞ് ഐഎസ്എൽ, അനീതിയോ ആരാധകരോടുള്ള പേടിയോ | Kerala Blasters

മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ ഒന്നായിരുന്നു. കൊച്ചിയിലെ മൈതാനത്ത് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ സമർത്ഥമായി മെരുക്കിയ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ദിമിത്രിയോസ്, പെപ്ര തുടങ്ങിയ താരങ്ങൾ നേടിയ ഗോളുകൾ മനോഹരമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എന്നാൽ മാച്ച് വീക്ക് പതിനൊന്നിലെ മികച്ച ഗോളുകൾക്കുള്ള വോട്ടിങ് ലിസ്റ്റ് ഐഎസ്എൽ പുറത്തു വിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നേടിയ രണ്ടു ഗോളുകളും ലിസ്റ്റിലില്ല. ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സി താരങ്ങളായ ചിമ, ഡങ്കൽ എന്നിവർ നേടിയ ഗോളുകളും എഫ്‌സി ഗോവക്കെതിരെ പെട്രാറ്റോസ് നേടിയ ഗോളും ചെന്നൈയിൻ എഫ്‌സിക്കെതിരെ പഞ്ചാബിന്റെ തലാൽ നേടിയ ഗോളുമാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

ഈ നാല് ഗോളുകളും ലിസ്റ്റിൽ വരാൻ അർഹതയുള്ളത് തന്നെയാണ്. എന്നാൽ അതുപോലെ തന്നെ അർഹതയുള്ളതാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുംബൈ സിറ്റിക്കെതിരെ നേടിയ ഗോളുകളും. പെപ്രയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ ദിമിത്രിയോസ് നേടിയ ഗോളും പെപ്ര ബോക്‌സിന്റെ എഡ്‌ജിൽ നിന്നും അപ്രതീക്ഷിതമായി തൊടുത്ത ബുള്ളറ്റ് ഷോട്ടും വളരെ മികച്ച ഗോളുകളായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഗോളുകൾ ഉൾപ്പെടുത്താതിരുന്നത് മത്സരം ഏകപക്ഷീയമായി പോകാൻ സാധ്യതയുള്ളതു കൊണ്ടാണെന്നാണ് കരുതേണ്ടത്. ഇതിനു മുൻപ് നിരവധി തവണ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മികച്ച ഗോളിനുള്ള വോട്ടെടുപ്പിൽ വന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നേടിയതിനേക്കാൾ മികച്ച ഗോളുകൾ ആ ലിസ്റ്റിൽ ഉണ്ടെങ്കിലും ആരാധകർ എല്ലായിപ്പോഴും വിജയിപ്പിക്കുക ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഗോളുകളെയാണ്.

ഇത്തവണ മികച്ച ഗോളിനുള്ള പുരസ്‌കാരം അർഹിക്കുന്നത് ജംഷഡ്‌പൂർ എഫ്‌സി താരം ചിമായാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദുർബലരായ ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് താരത്തിന്റെ ഗോളെങ്കിലും ആ അക്രോബാറ്റിക് ഗോൾ വളരെ മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. അതുപോലെ ഗോവ പ്രതിരോധം പിളർത്തിയ പെട്രറ്റോസിന്റെ ഗോളും ഗംഭീരമായിരുന്നു.

No Kerala Blasters Player In ISL Goal Of The Weak List