ബ്രസീൽ ഫുട്ബോൾ ടീമിനെ വിലക്കാൻ ഫിഫ ഒരുങ്ങുന്നു, ശക്തമായ മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര ഫുട്ബോൾ അസോസിയേഷൻ | Brazil

ലോകഫുട്ബോളിന്റെ പരമോന്നത സംഘടനയായ ഫിഫ ബ്രസീൽ ഫുട്ബോൾ ടീമിനെ വിലക്കാനുള്ള സാധ്യത വർധിക്കുന്നു. കഴിഞ്ഞ ദിവസം ബ്രസീലിന് ഇതുമായി ബന്ധപ്പെട്ട് ശക്തമായ മുന്നറിയിപ്പ് ഫിഫ നൽകിയെന്ന് അസോസിയേറ്റഡ് പ്രെസ് വെളിപ്പെടുത്തുന്നു. ഫിഫ നിയമങ്ങളെ മറികടന്ന് രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ കാര്യങ്ങളിൽ തീരുമാനം എടുത്തതാണ് ഇതിനു കാരണം.

സംഘടനാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ തുടർന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസിനെ കോടതി പുറത്താക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഫിഫയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഫിഫയുടെ കീഴിലുള്ള സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഇടപെടരുതെന്ന നിയമം ഫുട്ബോൾ ഫെഡറേഷൻ കർശനമായി നടപ്പിലാക്കാറുണ്ട്.

ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ക്ലബുകളെയും ബ്രസീലിന്റെ എല്ലാ പുരുഷ, വനിതാ ടീമുകളെയും അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ നിന്നും വിലക്കാൻ ഫിഫ മടിക്കില്ല. ഈ വിലക്ക് വരുമ്പോൾ ബ്രസീലിയൻ ലീഗ് പോലെയുള്ള ആഭ്യന്തര ലീഗ് മത്സരങ്ങൾ നടത്താൻ പ്രശ്‌നമില്ല. എന്നാൽ കോപ്പ അമേരിക്ക, കോപ്പ ലിബർട്ടഡോസ് തുടങ്ങിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിയില്ല.

സമാനമായ സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയിരുന്നു. ഇതുപോലെ സുപ്രീം കോടതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഇടപെട്ടതിനെ തുടർന്നാണ് വിലക്ക് വന്നത്. അതു കാരണം ഇന്ത്യ പല മത്സരങ്ങളും കളിച്ചില്ല. കേരളത്തിലെ ക്ലബായ ഗോകുലം കേരളയുടെ വനിതാ ടീമിന് ഏഷ്യയിലെ ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് വലിയ വാർത്തയായിരുന്നു.

ഫിഫ മുന്നറിയിപ്പ് നൽകിയ കാര്യത്തിൽ മാറ്റമൊന്നും വന്നില്ലെങ്കിൽ ബ്രസീൽ ടീമിന് വിലക്ക് വരുമെന്നതിൽ യാതൊരു സംശയവുമില്ല. അങ്ങിനെ സംഭവിച്ചാൽ വരാനിരിക്കുന്ന കോപ്പ അമേരിക്ക, ഒളിമ്പിക്‌സ് അടക്കമുള്ള ടൂർണമെന്റുകളിൽ ബ്രസീലിയൻ ടീം പങ്കെടുക്കില്ല. അതുകൊണ്ടു തന്നെ ഉടനെ തന്നെ ഉചിതമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിന്റെ ആരാധകർ.

FIFA Warn They Could Suspend Brazil