ഫോട്ടോക്ക് ക്യാപ്‌ഷൻ നൽകാനാവശ്യപ്പെട്ട് റൊണാൾഡോ, എറിക് ടെൻ ഹാഗിനെ കളിയാക്കി പിയേഴ്‌സ് മോർഗന്റെ കമന്റ് | Ronaldo

അയാക്‌സിൽ അത്ഭുതങ്ങൾ കാണിക്കുകയും വമ്പൻ നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്‌ത എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയപ്പോൾ ക്ലബിന്റെ ആരാധകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം നഷ്‌ടമായ അവസ്ഥയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കാൻ പോലും മടി കാണിക്കാതിരുന്ന അദ്ദേഹം കഴിഞ്ഞ സീസണിൽ ടീമിനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചെങ്കിലും ഈ സീസണിൽ സ്ഥിതി വളരെ മോശമാണ്.

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പതറുമ്പോൾ അതിൽ സന്തോഷിക്കുന്നവരിൽ ഒരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവ് ഒരു മോശം അനുഭവമാക്കി മാറ്റിയത് എറിക് ടെൻ ഹാഗിന്റെ കർശനമായ നിയമങ്ങൾ ആയിരുന്നു. സ്ഥിരമായി ടീമിൽ ഇടം ലഭിക്കാതിരുന്നതിനെ തുടർന്ന് ക്ലബുമായും പരിശീലകനുമായും അകന്ന റൊണാൾഡോ കഴിഞ്ഞ ലോകകപ്പിന് മുൻപ് കരാർ റദ്ദാക്കി ടീം വിടുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം റൊണാൾഡോ പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോയിൽ എറിക് ടെൻ ഹാഗിനെക്കുറിച്ച് വന്ന കമന്റാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയായി മാറുന്നത്. യുഎഫ്‌സി സൂപ്പർസ്റ്റാറായ കൊണർ മക്ഗ്രോവറും റൊണാൾഡോയും ഒരുമിച്ചിരുന്ന് തമാശ പറഞ്ഞു ചിരിക്കുന്നതിന്റെ മനോഹരമായ ചിത്രമാണ് താരം പോസ്റ്റ് ചെയ്‌തത്‌. അതിനു ശേഷം താരം അതിനു ഉചിതമായൊരു തലക്കെട്ട് നിർദ്ദേശിക്കാനും റൊണാൾഡോ കുറിച്ചിരുന്നു.

റൊണാൾഡോയുടെ അടുത്ത സുഹൃത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടപ്പോൾ താരത്തെ ഇന്റർവ്യൂ ചെയ്‌ത്‌ വാർത്തകളിൽ ഇടം പിടിച്ച പിയേഴ്‌സ് മോർഗൻ അതിനടിയിൽ കുറിച്ചത് രസകരമായ കമന്റായിരുന്നു. “റൊണാൾഡോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്‌നമെന്ന് എറിക് ടെൻ ഹാഗ് പറഞ്ഞപ്പോൾ” എന്നാണു പിയേഴ്‌സ് മോർഗൻ കുറിച്ചത്. റൊണാൾഡോയെ ഒഴിവാക്കി വിട്ടിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗതി പിടിച്ചില്ലല്ലോ എന്നാണു അദ്ദേഹം കളിയാക്കിയതെന്ന് വ്യക്തം.

എറിക് ടെൻ ഹാഗ് റൊണാൾഡോയെ ഒഴിവാക്കിയ രീതി ഒരു സൂപ്പർതാരത്തോട് ചെയ്‌ത അനീതി തന്നെയായിരുന്നു. എന്തായാലും അതിന്റെ ഫലം അദ്ദേഹം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ എട്ടാം സ്ഥാനത്ത്. ക്ലബ് മോശം ഫോമിലേക്ക് വീണതിനാൽ എറിക് ടെൻ ഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കുമെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്.

Erik Ten Hag Trolled At Ronaldo Comment Session