കൊച്ചി സ്റ്റേഡിയത്തിന്റെ പ്രകമ്പനം മെക്‌സിക്കോയിൽ എനിക്കനുഭവപ്പെട്ടു, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നന്ദി പറഞ്ഞ് അഡ്രിയാൻ ലൂണ | Adrian Luna

അഡ്രിയാൻ ലൂണയുടെ അഭാവം ടീമിലുള്ളത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നതെങ്കിലും അത് കളിക്കളത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രകടിപ്പിച്ചിട്ടില്ല. പരിക്കേറ്റു പുറത്തു പോയ നായകനില്ലാതെ ഇറങ്ങിയ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ശൈലി മാറ്റിപ്പിടിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞ് ക്ലീൻഷീറ്റോടു കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.

അതേസമയം ലൂണയോടുള്ള തങ്ങളുടെ സ്നേഹം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരത്തിൽ പ്രകടിപ്പിച്ചു. മത്സരത്തിൽ ഒരുപാട് ടിഫോകൾ ഉയർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതിലൊന്ന് ലൂണക്കാണ് സമർപ്പിച്ചത്. റീചാർജ് ചെയ്‌തു തിരിച്ചുവരൂ ലൂണ, നിങ്ങളുടെ മാജിക്കിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്നാണു പരിക്കേറ്റു വിശ്രമിക്കുന്ന നായകന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ സന്ദേശം.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർ നൽകിയ സ്നേഹത്തിനു അഡ്രിയാൻ ലൂണ നന്ദി പറയുകയുണ്ടായി. ബ്ലാസ്റ്റേഴ്‌സ് ആരാധകർ തനിക്ക് വേണ്ടി ഉയർത്തിയ ബാനറും അവരുടെ ആവേശവുമെല്ലാം പങ്കു വെക്കുന്ന ചിത്രവും ഷെയർ ചെയ്‌താണ്‌ താരം നന്ദി അറിയിച്ചത്. താരം ഇപ്പോൾ താമസിക്കുന്നത് മെക്‌സിക്കോയിലാണെങ്കിലും അവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞുവെന്നാണ് ലൂണ കുറിച്ചത്.

“നന്ദി, ഇതൊരുപാട് വലുതാണ്. കൂടുതൽ ശക്തമായി തിരിച്ചുവരാൻ ഇതെന്നെ പ്രേരിപ്പിക്കുന്നു. ആരാധകർ എല്ലാം നൽകി മുംബൈ സിറ്റിക്കെതിരെ അർഹിച്ച വിജയം സ്വന്തമാക്കിയതു കണ്ടത് മഹത്തായ കാര്യമായിരുന്നു. സ്റ്റേഡിയത്തിലെ പ്രകമ്പനം കൊള്ളിക്കുന്ന അന്തരീക്ഷം എനിക്ക് മെക്‌സിക്കോയിൽ അനുഭവിക്കാൻ കഴിഞ്ഞു. തിരികെ വരാൻ വെമ്പുകയാണ്, ഉടനെ കാണാം.” താരം പറഞ്ഞു.

അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ കഴിയാത്ത ഒന്നാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളിൽ വിജയം നേടുന്നത് സന്തോഷമുള്ള കാര്യമാണ്. മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഇനി മത്സരം നടക്കാനിരിക്കുന്നത്. അതിലും ടീമിന് വിജയം നേടാൻ കഴിഞ്ഞാൽ ലൂണയുടെ അഭാവത്തെ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞുവെന്നുറപ്പിക്കാം.

Adrian Luna Thanks Kerala Blasters Fans