ഇനിയുമൊരു പത്ത് ടീമുകളെക്കൂടി കിട്ടിയാൽ അവർക്കെതിരെയും ഗോളടിക്കും, ദിമിത്രിയോസിന് അപൂർവറെക്കൊർഡ് | Dimitrios

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ടീമിന്റെ പ്രധാന താരങ്ങളായിരുന്ന അൽവാരോ വാസ്‌ക്വസ്, പെരേര ഡയസ് എന്നിവർ ക്ലബ് വിട്ടപ്പോൾ കഴിഞ്ഞ സീസണിൽ സ്‌ട്രൈക്കറായി എത്തിയതാണ് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമെന്റക്കൊസ്. ആദ്യത്തെ നാല് മത്സരങ്ങളിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ സീസൺ അവസാനിച്ചപ്പോൾ പത്ത് ഗോളുകളുമായി ടീമിന്റെ ടോപ് സ്കോററായിരുന്നു ദിമിത്രിയോസ്.

ഈ സീസണിലും തന്റെ ഗോളടിമികവ് തുടരുന്ന ഗ്രീക്ക് താരം നിലവിൽ ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടുകയും ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയാവുകയും ചെയ്‌ത താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇതുവരെ ഒൻപത് മത്സരങ്ങളിൽ ഏഴെണ്ണത്തിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങി ആറു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഇതുവരെ എട്ടു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച താരം കഴിഞ്ഞ ദിവസം മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഈ ഗോളോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു വലിയ റെക്കോർഡാണ് ദിമിത്രിയോസ് സ്വന്തമാക്കിയത്. ഐഎസ്എല്ലിൽ ഇതുവരെ കളിച്ച പതിനൊന്നു ടീമുകൾക്കെതിരെയും ഗോൾ നേടിയ താരമെന്ന റെക്കോർഡാണ് ദിമിത്രിയോസ് നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത്രണ്ടു ടീമുകളാണ് കളിക്കുന്നതെന്നിരിക്കെ പതിനൊന്നു ടീമുകൾ ദിമിത്രിയോസിനു എതിരാളികളായി വരും. ഈ ടീമുകൾക്കെതിരെയെല്ലാം ഗ്രീക്ക് താരം ഗോൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പത്തും ഈ സീസണിൽ ആറും ഗോളുകൾ നേടിയതോടെ പതിനാറു ഗോളുകളാണ് ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ലീഗിൽ നേടിയിരിക്കുന്നത്.

മുപ്പതുകാരനായ ദിമിത്രിയോസ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഏറ്റവുമധികം ഗോൾ നേടിയ താരം കൂടിയാണ്. ഇതുവരെ പതിനെട്ടു ഗോളുകളാണ് ടീമിനായി താരം കുറിച്ചിരിക്കുന്നത്. പതിനഞ്ചു ഗോളുകൾ നേടിയ, ഒരു സീസൺ മാത്രം കളിച്ച ഓഗ്‌ബെച്ചേ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ അതെ ഗോളുകളുമായി അഡ്രിയാൻ ലൂണ മൂന്നാമത് നിൽക്കുന്നു. ഈ സീസൺ കഴിയുമ്പോൾ തന്റെ റെക്കോർഡ് ലൂണ വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Dimitrios Scored Against All 11 Opponents In ISL