റഫറിമാരെ പ്രശംസിക്കാനും ഇവാന് മടിയില്ല, കഴിഞ്ഞ മത്സരത്തിലെ റഫറിയിങ് മികച്ചതായിരുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ്ങിനെതിരെ രൂക്ഷമായ വിമർശനം നടത്തിയും അതിനെതിരെ ഐഎസ്എൽ ഇന്നുവരെ കാണാത്ത പ്രതിഷേധം സംഘടിപ്പിച്ചും വിവാദനായകനായ പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. റഫറിയിങ് മെച്ചപ്പെട്ടാലേ ഒരു ലീഗ് കൂടുതൽ വളരൂവെന്നും മികച്ച താരങ്ങൾ ലീഗിലേക്ക് വരാൻ കാരണമാകൂ എന്നും ഉത്തമബോധ്യമുള്ളതിനാലാണ് ഇവാൻ വുകോമനോവിച്ച് അതിനു വേണ്ടി സംസാരിച്ചിട്ടുള്ളത്.

അതേസമയം റഫറിയിങ്ങിനെതിരെ വിമർശനം നടത്താൻ മാത്രമല്ല, മികച്ച റഫറിയിങ്ങാണെങ്കിൽ അവരെ പ്രശംസിക്കാനും ഇവാൻ വുകോമനോവിച്ചിന് മടിയില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാണ്. മോഹൻ ബഗാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം കഴിഞ്ഞ മത്സരത്തിലെ റഫറിയിങ്ങിനെ പ്രശംസിച്ചത്.

“അവരെല്ലാം നല്ല ആളുകളായിരുന്നു. അവർ പ്രൊഫെഷണൽസാണ്, അവർ ഏറ്റവും മികച്ച രീതിയിൽ അവരുടെ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്, അതിനു വേണ്ടിയാണ് ശ്രമിക്കുന്നത്. ഓരോ മത്സരം കഴിയുന്തോറും അവർ കൂടുതൽ കൂടുതൽ മെച്ചപ്പെടുമെന്നും കഴിഞ്ഞ മത്സരം പോലെയുള്ള നിലവാരമുള്ള റഫറിയിങ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള മത്സരം നിയന്ത്രിച്ചത് ഡൽഹിയിൽ നിന്നുള്ള റഫറിയായ ഹരീഷ് കുണ്ടുവായിരുന്നു. മത്സരത്തിന് ശേഷം രണ്ടു ടീമിനും പരാതികളില്ലാതെ രീതിയിൽ കുറ്റമറ്റ രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടു ടീമുകളും കടുത്ത അടവുകൾ പുറത്തെടുക്കാതെ വളരെ മികച്ച കളിയാണ് പുറത്തെടുത്തതെന്നതും കാര്യങ്ങൾ എളുപ്പമാക്കി.

അതേസമയം ഇതേ നിലവാരത്തിലുള്ള റഫറിയിങ് എല്ലായിപ്പോഴും ഉണ്ടാകുന്നില്ലെന്നത് വലിയൊരു തിരിച്ചടി തന്നെയാണ്. പല മത്സരങ്ങളിലും റഫറിയിങ്ങിന്റെ പിഴവുകൾ മത്സരത്തിന്റെ ഗതി തന്നെ വിപരീതദിശയിലേക്ക് തിരിച്ചു വിടുന്നതിനു ഇന്ത്യൻ സൂപ്പർ ലീഗ് സാക്ഷിയായിട്ടുണ്ട്. അപ്പോൾ അതിനെതിരെ വിമർശനം ഉണ്ടാവുകയും ചെയ്യും.

Vukomanovic Praise Referees Of Last Game