സ്വർണം പൂശിയ ഐഫോണുകളല്ല, ഭൂകമ്പത്തിൽ ദുരിതം പേറുന്നവർക്ക് വിമാനം നിറയെ സാധനങ്ങളെത്തിച്ച് റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്നതിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ലോകത്ത് ദുരിതമനുഭവിക്കുന്ന ആളുകളുമായി ഐക്യപ്പെടാനും അതിൽ തനിക്ക് കഴിയുന്ന സഹായങ്ങൾ നൽകാനും ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമിക്കാറുണ്ട്. റൊണാൾഡോ ചെയ്യുന്ന എല്ലാ പ്രവൃത്തിയും വാർത്തകളിൽ വരുമെന്നതിനാൽ തന്നെ ഇതെല്ലാം ആരാധകർക്ക് മുന്നിൽ എത്തുന്നതും പതിവുള്ള കാര്യം തന്നെയാണ്.

ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ മറ്റൊരു സഹായം വാർത്തകളിൽ നിറയുകയാണ്. ഫെബ്രുവരി ആദ്യവാരത്തിൽ തുർക്കി, സിറിയ എന്നീ രാജ്യങ്ങളെ രൂക്ഷമായി ബാധിച്ച ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സഹായമെത്തിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു വിമാനം നിറയെ അവശ്യസാധനങ്ങൾ റൊണാൾഡോ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ട്.

ടെന്റുകൾ, ഫുഡ് പാഴ്‌സലുകൾ, കിടക്കകൾ, തലയിണകൾ, കുട്ടികൾക്കുള്ള ഭക്ഷണം, പാൽ, മരുന്നുകൾ എന്നിവയാണ് റൊണാൾഡോ അയച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതാദ്യമായല്ല റൊണാൾഡോ തന്റെ സഹായം ഇവിടേക്ക് നൽകുന്നത്. ഭൂകമ്പം നടന്നതിന് ശേഷമുള്ള ആദ്യത്തെ ദിവസങ്ങളിൽ തുർക്കിഷ് താരം ഡെമിരലിന്റെ കയ്യിലുള്ള തന്റെ ജേഴ്‌സി ലേലത്തിന് വെച്ച് ആ തുക ഉപയോഗിക്കാൻ റൊണാൾഡോ സമ്മതം മൂളിയിരുന്നു.

തുർക്കിയിലും സിറിയയിലും വ്യാപകമായ നാശമാണ് ഭൂകമ്പത്തിൽ ഉണ്ടായിരുന്നത്. മുൻ പ്രീമിയർ ലീഗ് താരമായ ക്രിസ്റ്റ്യൻ അറ്റ്‌സു, തുർക്കിഷ് താരമായ ഇയുപ്പ് എന്നിവർക്ക് ഭൂകമ്പത്തിൽ ജീവൻ നഷ്‌ടമായിരുന്നു. ഏതാണ്ട് അമ്പതിനായിരത്തോളം പേർ മരണപ്പെട്ടുവെന്ന് കണക്കാക്കപ്പെടുന്ന ഭൂകമ്പത്തിനു ശേഷം റൊണാൾഡോ തന്റെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ സഹായം കൊണ്ടും തന്റെ സ്‌നേഹം പ്രകടിപ്പിച്ചിരിക്കയാണ്.