കേരളത്തിന്റെ ഇതിഹാസങ്ങൾ കുറ്റപ്പെടുത്തിയ ഇവാന് ബ്രസീലിൽ നിന്നും പിന്തുണ, ധീരമായ തീരുമാനമെന്ന് വാസ്‌ക്വസും

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളിൽ പ്രതികരിച്ച് മുൻ ഐഎസ്എൽ താരമായ മാഴ്‌സലിന്യോയും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അൽവാരോ വാസ്‌ക്വസും. രണ്ടു താരങ്ങളും റഫറിയുടെ തീരുമാനത്തെ എതിർത്താണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. കളി ബഹിഷ്‌കരിക്കാനുള്ള ഇവാന്റെ തീരുമാനം ധീരമെന്ന് വാസ്‌ക്വസ് അഭിപ്രായപ്പെട്ടു.

“ആ ഫൗൾ നൽകിയത് ന്യായമായ ഒന്നായിരുന്നു എന്നാണു എന്റെ അഭിപ്രായം. എന്നാൽ കിക്കെടുക്കാൻ പോകുന്ന കളിക്കാരനായി റഫറി ആശയവിനിമയം നടത്തിയതു മുതൽ ചോദ്യങ്ങൾ നേരിടണം. പ്രതിരോധമതിൽ ഒരുക്കാൻ പോവുകയാണെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. അല്ലാതെ കിക്കെടുക്കാൻ പോകുന്ന കളിക്കാരനോടല്ല തീരുമാനം എടുക്കാൻ ആവശ്യപ്പെടേണ്ടത്.” തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മാഴ്‌സലിന്യോ പറഞ്ഞു.

അതേസമയം ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് വാസ്‌ക്വസ് തന്റെ പിന്തുണ അറിയിച്ചത്. “ഒരു മത്സരം ഇതുപോലെ അവസാനിക്കുന്നത് നാണക്കേടാണ്. എന്നാൽ പരിശീലകനായ ഇവാന്റെയും ക്ലബ്ബിന്റെയും തീരുമാനം ധീരമായ ഒന്നായിരുന്നു. ഇനിയുള്ള മത്സരങ്ങളിലെങ്കിലും കൂടുതൽ നീതിയും തുല്യതയുമുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.” മോശം റഫറിയിങ്ങിനെ കുറ്റപ്പെടുത്തി വാസ്‌ക്വസ് പോസ്റ്റ് ചെയ്‌തു.

കേരളത്തിന്റെ ഇതിഹാസങ്ങളിൽ പലരും ഇവാനെ കുറ്റപ്പെടുത്തി രംഗത്തു വന്നപ്പോൾ അതിനു പിന്തുണ നൽകാനും നിരവധിയാളുകൾ ഉണ്ടെന്നത് ആശ്വാസമാണ്. യൂറോപ്പിൽ നിന്നുള്ള റഫറിമാരും മുൻ ഐഎസ്എൽ റഫറിമാരും ആ തീരുമാനം തെറ്റാണെന്ന് വിധിച്ചിരുന്നു. എന്തായാലും ഇവാന്റെ തീരുമാനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒറ്റക്കെട്ടായി അദ്ദേഹത്തിന് പിന്നിലുണ്ട്. ഇതുവരെയും ഒരു ഔദ്യോഗിക പ്രതികരണം പോലും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.