ചാമ്പ്യൻസ് ലീഗ് നിയന്ത്രിച്ച റഫറിയും ഐഎസ്എൽ റഫറിയും പറയുന്നു അത് ഗോളല്ലെന്ന്, വുകോമനോവിച്ചിന് പിന്തുണയേറുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേ ഓഫ് യോഗ്യത മത്സരത്തിൽ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപേയെടുത്ത് സുനിൽ ഛേത്രി നേടിയ ഗോൾ റഫറി അനുവദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ തന്റെ താരങ്ങളെ പരിശീലകനായ ഇവാൻ വുകോമനോവിച്ച് തിരികെ വിളിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിക്കളം വിട്ടതോടെ മാച്ച് കമീഷണർ മത്സരത്തിൽ ബെംഗളൂരു എഫ്‌സി വിജയം നേടിയതായി പ്രഖ്യാപിച്ചു. അതേസമയം ഇവാൻ വുകോമനോവിച്ചിന്റെ തീരുമാനത്തിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഐഎസ്എല്ലിലെ മോശം റഫറിയിങ് നേരത്തെ തന്നെ ഒരുപാട് തവണ വാർത്തയായ സാഹചര്യത്തിൽ ഈ തീരുമാനം അതിന് അറുതി വരുത്താൻ സഹായിക്കുമെന്നാണ് ഏവരും കരുതുന്നത്.

അതിനിടയിൽ ഈ മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യൂറോപ്യൻ റഫറിമാർക്ക് ബ്ലാസ്റ്റേഴ്‌സ് പരിശീലക വുകോമനോവിച്ച് അയച്ചു കൊടുത്തിരുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് ഒഫിഷ്യൽ വെളിപ്പെടുത്തുകയുണ്ടായി. അതിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അടക്കം നിയന്ത്രിച്ചിട്ടുള്ള റഫറി പറഞ്ഞത് ആ ഗോൾ അനുവദിക്കാൻ കഴിയില്ലെന്നാണ്. വീഡിയോ ദൃശ്യം കണ്ട മറ്റൊരു യൂറോപ്യൻ റഫറി ഡിഫെൻസിവ് വാൾ വേണമെന്നും ചൂണ്ടിക്കാട്ടി.

ഐഎസ്എൽ റഫറിമാരും സംഭവത്തിൽ പിഴവുണ്ടായതായി വിലയിരുത്തിയിട്ടുണ്ട്. പേര് വെളിപ്പെടുത്താത്ത ഒരു ഐഎസ്എൽ റഫറി പറഞ്ഞത് ഫ്രീ കിക്ക് എടുക്കുന്ന പൊസിഷൻ കണക്കാക്കുമ്പോൾ ഡിഫെൻസിവ് വോൾ സെറ്റ് ചെയ്യാനും വിസിലിനു ശേഷം മാത്രമേ കിക്കെടുക്കാൻ കഴിയൂവെന്നും റഫറി ഉറപ്പു വരുത്തണമെന്നാണ്. മുൻ ദേശീയ റഫറി ഇക്കാര്യത്തിൽ പ്രതികരിച്ചത് മത്സരം നിയന്ത്രിച്ച ക്രിസ്റ്റൽ ജോണിന് ഇക്കാര്യത്തിൽ തെറ്റ് പറ്റിയെന്നാണ്.

റഫറിയുടെ ഭാഗത്തു നിന്നും വന്ന തെറ്റാണ് ആ ഗോളിന് കാരണമെന്നാണ് കൂടുതൽ വ്യക്തമാകുന്നത്. എന്തായാലും മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയതിനു കേരള ബ്ലാസ്റ്റേർസ് ടീമിനെതിരെ നടപടി ഉണ്ടാകുമെന്നുറപ്പാണ്. അതിനിടയിൽ പരിശീലകൻ വുകോമനോവിച്ചിനെ മാത്രം ബലിയാടാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നടപടിയിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.