മുപ്പത്തിയഞ്ചാം വയസിലും മെസിയുടെ മത്സരം യുവതാരങ്ങളോട്, ഇതു പോലൊരു അവതാരം ഇനിയുണ്ടാകുമോ

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി നിറഞ്ഞാടിയ ലയണൽ മെസി അതിനു ശേഷം ക്ലബ് തലത്തിലും ഫോം വീണ്ടെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്‌ജിയുടെ ആദ്യത്തെ ഗോൾ നേടിയ താരം കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിലും ഗോൾ നേടിയിട്ടുണ്ട്. ഇതിനു പുറമെ രണ്ടു അസിസ്റ്റുകളും സ്വന്തമാക്കിയ താരം ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.

മുപ്പത്തിയഞ്ചാം വയസിലും പ്രതിഭയ്ക്ക് യാതൊരു കുറവും വരാത്ത മെസി പ്രകടനത്തിന്റെ കണക്കുകളിൽ മത്സരിക്കുന്നത് യുവതാരങ്ങൾക്കൊപ്പമാണ്. ഈ സീസണിൽ രാജ്യത്തിനും ക്ലബിനുമായി ഏറ്റവുമധികം ഗോൾ പങ്കാളിത്തം ലയണൽ മെസിയുടെ പേരിലാണ്. മുപ്പതു ഗോളും ഇരുപത് അസിസ്റ്റുമായി അമ്പതു ഗോൾ പങ്കാളിത്തം മെസിക്കുള്ളപ്പോൾ മുപ്പത്തിയൊമ്പതു ഗോളും ഒൻപത് അസിസ്റ്റുമുള്ള എംബാപ്പെ രണ്ടാം സ്ഥാനത്താണ്.

മെസിയും എംബാപ്പയും മുന്നിൽ നിൽക്കുന്ന ഈ ലിസ്റ്റിൽ നാല്പതു ഗോൾ പങ്കാളിത്തവുമായി നെയ്‌മർ മൂന്നാം സ്ഥാനത്തുണ്ട്. 39 ഗോൾ പങ്കാളിത്തമുള്ള മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലാൻഡ് മുപ്പത്തിയഞ്ചു വീതം ഗോൾ പങ്കാളിത്തമുള്ള ബാഴ്‌സലോണ താരം റോബർട്ട് ലെവൻഡോസ്‌കി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ അതിനു താഴെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു.

യൂറോപ്പിലെ ലീഗുകളിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തമുള്ള താരങ്ങളുടെ ലിസ്റ്റിലും മെസി മുന്നിലുണ്ട്. മുപ്പത്തിരണ്ട് ഗോളുകളിൽ പങ്കാളിത്തമുള്ള ഏർലിങ് ഹാലാൻഡ് ലിസ്റ്റിൽ മുന്നിൽ നിൽക്കുമ്പോൾ ഫ്രഞ്ച് ലീഗിൽ 25 ഗോളുകളിൽ പങ്കാളിയായ മെസി രണ്ടാമത് നിൽക്കുന്നു. സീരി എയിൽ 22 ഗോളുകളിൽ പങ്കാളിയായ വിക്റ്റർ ഓസിംഹൻ മൂന്നാമത് നിൽക്കുമ്പോൾ ഇരുപതു ഗോളുകളിൽ പങ്കാളിയായി ലാ ലീഗയിൽ നിന്നും ലെവൻഡോസ്‌കിയും ബുണ്ടസ്‌ലീഗയിൽ നിന്നും കൊളോ മുവാനിയും അതിനു പിന്നിലാണ്.

കഴിഞ്ഞ സീസണിൽ മെസിയുടെ പ്രകടനം ഒന്ന് മങ്ങിയപ്പോൾ താരത്തിന്റെ കരിയറിന്റെ അവസാനമെടുത്തുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അവരെയെല്ലാം നിശ്ശബ്ദരാക്കിയാണ് ഈ സീസണിൽ മെസി അഴിഞ്ഞാടുന്നത്. ഒരു മികച്ച ടീമിനെ തനിക്ക് ചുറ്റും ഉണ്ടാക്കിയാൽ ഒരുപാട് നൽകാൻ കഴിയുമെന്ന് മെസി വീണ്ടും വീണ്ടും തെളിയിക്കുന്നു.