പിഎസ്‌ജിയിൽ തിളങ്ങുന്നില്ലെന്ന വിമർശനം ഇനി മാറ്റിവെക്കാം, മെസിയുടെ അത്ഭുതപ്പെടുത്തുന്ന കണക്കുകൾ

ലയണൽ മെസി പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ആദ്യത്തെ സീസണിൽ മെസിക്ക് അധികം ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നതാണ് അതിന്റെ പ്രധാന കാരണം. എന്നാൽ ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞു. ഖത്തർ ലോകകപ്പിന് ശേഷം ഒരു പതർച്ച ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ താരം ഗോളുകൾ അടിച്ചു കൂട്ടാൻ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പിഎസ്‌ജി രണ്ടിനെതിരെ നാല് ഗോളുകൾക്ക് നാന്റസിനെതിരെ വിജയം നേടിയ മത്സരത്തിൽ ആദ്യത്തെ ഗോൾ നേടിയത് ലയണൽ മെസിയായിരുന്നു. ഈ ഗോളോടെ ക്ലബ് തലത്തിൽ ആയിരം ഗോളുകളിൽ പങ്കാളിയാകാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ബാഴ്‌സലോണ, പിഎസ്‌ജി എന്നീ ക്ലബുകൾക്ക് വേണ്ടി മാത്രം കരിയറിൽ കളിച്ച മെസി 701 ഗോളുകളും 299 അസിസ്റ്റുകളുമാണ് കരിയറിലിതു വരെ ഈ രണ്ടു ക്ലബുകൾക്കും വേണ്ടി നേടിയിട്ടുള്ളത്.

ഇതിനു പുറമെ ഈ സീസണിൽ ക്ലബിനും രാജ്യത്തിനുമായി അൻപത് ഗോളുകളിൽ പങ്കാളിയാവുകയെന്ന നേട്ടവും ലയണൽ മെസി സ്വന്തമാക്കി. വെറും മുപ്പത്തിയൊമ്പത് മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം. മുപ്പതു ഗോളുകൾ നേടിയപ്പോൾ ഇരുപത് ഗോളുകൾക്ക് താരം വഴിയൊരുണ്ണി. പിഎസ്‌ജിക്കായി പതിനെട്ടു ഗോളുകളും പതിനാറ് അസിസ്റ്റുകളും താരം ഈ സീസണിൽ നേടിയപ്പോൾ അർജന്റീനക്കായി പന്ത്രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഈ സീസണിൽ മെസിയുടെ സമ്പാദ്യം.

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെയടക്കം തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പിഎസ്‌ജി തോൽവി വഴങ്ങിയിരുന്നു. എന്നാൽ അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിൽ വിജയം നേടി ബയേൺ മ്യൂണിക്കിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ടീം മികച്ച രീതിയിൽ ഒരുങ്ങിയിട്ടുണ്ട്. നെയ്‌മർ പരിക്കേറ്റു പുറത്താണെങ്കിലും മെസിയും എംബാപ്പെയും അടങ്ങുന്ന സഖ്യം ഫോമിലായത് പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗിൽ പ്രതീക്ഷ നൽകുന്നു.